10 September, 2021 09:06:19 PM


രണ്ടര കോടി രൂപാ ചെലവില്‍ അടിച്ചിറ - മാന്നാനം റോഡ് ആധുനിക നിലവാരത്തിലേക്ക്

മൂന്നുമാസത്തിനുള്ളിൽ 22 റോഡുകൾക്ക് ഭരണാനുമതിയെന്ന് മന്ത്രി വി.എൻ. വാസവൻ



ഏറ്റുമാനൂര്‍: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ അടിച്ചിറ- മാന്നാനം റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നു. രണ്ടരക്കോടി രൂപയുടെ നവീകരണ പ്രവൃത്തി സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ മൂന്നുമാസത്തിനുള്ളിൽ 22 റോഡുകൾക്ക് ഭരണാനുമതി ലഭിച്ചതായി മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. രണ്ടു കിലോമീറ്റർ ദൂരത്തിൽ ബി.എം.ആൻഡ് ബി.സി. നിലവാരത്തിൽ ഏഴു മീറ്റർ ക്യാരേജ് വേ, കലുങ്കുകൾ, വെള്ളമൊഴുകാനുള്ള ഓട എന്നിവയോടു കൂടിയാണ് റോഡ് നവീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

അമ്മഞ്ചേരി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല അധ്യക്ഷത വഹിച്ചു.  പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ - ബ്ലോക്ക്-ഗ്രാമപഞ്ചായത്തംഗങ്ങളായ റോസമ്മ സോണി, അന്നമ്മ മാണി, ജെയിംസ് കുര്യൻ, ജെയിംസ് തോമസ്, കെ.ടി ജെയിംസ്, പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ, അസിസ്റ്റന്റ് എൻജിനീയർ ആർ. രൂപേഷ് എന്നിവർ പ്രസംഗിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K