09 September, 2021 06:41:30 PM


'നർകോട്ടിക്, ലവ് ജിഹാദുകൾ കത്തോലിക്കാ പെൺകുട്ടികളെ ഇരയാക്കുന്നു' - മാർ കല്ലറങ്ങാട്ട്



കോട്ടയം: ലൗജിഹാദ് വിവാദം പലതവണ ആളിക്കത്തിയതാണ് കേരളത്തിൽ. ഈ വിഷയത്തിൽ ആണ് കത്തോലിക്കാസഭയിലെ ഒരു ബിഷപ്പ് തന്നെ തുറന്ന ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. ലൗ ജിഹാദിനു പുറമെ നാർകോട്ടിക്ക്  ജിഹാദും ഉണ്ടെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് ആചരണവും ആയി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിൽ ആരോപിച്ചു. 


സഭയിലെ പെൺകുട്ടികളെ തട്ടിയെടുക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതായി കഴിഞ്ഞ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ സർക്കുലറിൽ  ബിഷപ്പ് ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് തുറന്ന് ആരോപണങ്ങളുമായി പാലാ ബിഷപ്പ് രംഗത്ത് വരുന്നത്. പ്രണയത്തെ അല്ല സഭ എതിർക്കുന്നതെന്ന് ജോസഫ് കല്ലറങ്ങാട്ട് പറയുന്നു. ഇവിടെ പ്രണയമല്ല സംഭവിക്കുന്നത്. പൂർണ്ണമായും നശിപ്പിക്കുകയാണ് ജിഹാദികളുടെ ലക്ഷ്യം. അമുസ്‌ലിംകളായ എല്ലാവരെയും നശിപ്പിക്കണം എന്നതാണ് ജിഹാദ് കൊണ്ട് ലക്ഷ്യം വെക്കുന്നത്.


ആയുധം  ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നു എന്നും ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു. ഇതര മതസ്ഥരായ യുവതികൾ ഐ എസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകും എന്നാണ് വിശ്വാസികളോട് പാലാ ബിഷപ്പ് പറയുന്നത്. മുൻ ഡിജിപി ലോക്നാഥ് ബഹ്റ  വിരമിച്ച സമയത്ത് പുറപ്പെടുവിച്ച ചില പ്രസ്താവനകളും  ജോസഫ് കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ തീവ്രവാദം ശക്തിപ്പെടുന്നതായും തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകൾ ധാരാളം ഉള്ളതായും ലോക്നാഥ് ബഹ്റ ആരോപിച്ചിരുന്നു.


നാർക്കോട്ടിക് ജിഹാദ് എന്ന പേരിൽ ഒരു ബിഷപ്പ് തന്നെ ആരോപണമുന്നയിക്കുന്നത് ആദ്യമാണ്. കത്തോലിക്ക യുവാക്കളിൽ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാക്കാൻ പ്രത്യേകം  ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നാണ് ബിഷപ്പ് ആരോപിക്കുന്നത്. ഐസ്ക്രീം പാർലറുകൾ ഹോട്ടലുകൾ തുടങ്ങിയ കേന്ദ്രങ്ങൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട് എന്നും പാലാ ബിഷപ്പ് ആരോപിച്ചു. കുട്ടികൾ സൗഹൃദം തെരഞ്ഞെടുക്കുന്നത് സർപ്പത്തിന്റെ ജാഗ്രതയോടെ വേണമെന്നും ജോസഫ് കല്ലറങ്ങാട്ട് വിശ്വാസികളോട് ആയി പറയുന്നു.


ഹലാൽ വിവാദവും ജിഹാദുമായി ബന്ധപ്പെട്ടതാണ് എന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആരോപിക്കുന്നു. സംഘടിതമായ ശ്രമം ആണ് കേരളത്തിൽ ജിഹാദി ഗ്രൂപ്പുകൾ നടത്തുന്നതെന്ന് അദ്ദേഹം പറയുന്നു. കേരളത്തിൽ നിരവധി പെൺകുട്ടികൾ ഇത്തരത്തിൽ ജിഹാദിന് ഇരയായിട്ടുണ്ടെന്നും പാലാ ബിഷപ്പ് ആരോപിക്കുന്നു. രാഷ്ട്രീയ നേതൃത്വത്തിലും മാധ്യമപ്രവർത്തകർക്കും എതിരെ ഈ വിഷയത്തിൽ രൂക്ഷമായ വിമർശനം പാലാ ബിഷപ്പ് ഉന്നയിക്കുന്നുണ്ട്.


ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യം ആണെന്ന് ചൂണ്ടിക്കാട്ടി ആണ് പ്രധാന ആരോപണം. മാധ്യമപ്രവർത്തകർ ഇത്തരം വാർത്തകൾ ലഘൂകരിക്കുന്നതിന് പിന്നിലും നിക്ഷിപ്ത താൽപര്യമുണ്ടെന്ന് ജോസഫ് കല്ലറങ്ങാട്ട് ആരോപിക്കുന്നു. കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നാണ് ബിഷപ്പിൻ്റെ മുന്നറിയിപ്പ്.  ഏറെക്കാലമായി സഭ രഹസ്യമായും  വാർത്താക്കുറിപ്പായും പുറത്തിറക്കിയ ആരോപണങ്ങളാണു ഒരു ബിഷപ്പ് തന്നെ തുറന്നടിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K