03 September, 2021 09:18:37 PM


മില്ലറ്റ് പദ്ധതി: അട്ടപ്പാടിയിലെ 926 കര്‍ഷകര്‍ക്ക് ജൈവ സര്‍ട്ടിഫിക്കേഷന്‍



പാലക്കാട്: മില്ലറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന അട്ടപ്പാടിയിലെ 926 കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ജൈവ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി അട്ടപ്പാടി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍. ലത അറിയിച്ചു. ഇന്‍ഡോസെര്‍ട്ട് എന്ന സ്വകാര്യ കമ്പനി മുഖേനയാണ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതോടെ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ജൈവ ലേബലില്‍ വിദേശത്തേക്കുള്‍പ്പെടെ കയറ്റുമതി ചെയ്യുന്നതിനുള്ള അനുമതി ലഭിക്കും. അഗളി പഞ്ചായത്തിലെ 17 ഊരുകള്‍, പുതൂര്‍ പഞ്ചായത്തിലെ 12, ഷോളയൂര്‍ പഞ്ചായത്തിലെ 11 എന്നിങ്ങനെ 40 ഊരുകളിലായി 741.97 ഹെക്ടര്‍ കൃഷിയ്ക്കാണ് ജൈവ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുള്ളത്. തുടര്‍ച്ചയായി ഓരോ വര്‍ഷവും കര്‍ഷകരുടെ ഉത്പന്നങ്ങള്‍ പരിശോധിച്ചാണ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്.


2017 ല്‍ അട്ടപ്പാടിയില്‍ പോഷകാഹാരം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് മില്ലറ്റ് ചെറുധാന്യ പദ്ധതി ആരംഭിച്ചത്. 2760 ഹെക്ടറിലായി 70 ഊരുകളില്‍ 1236 കര്‍ഷകരാണ് പദ്ധതിയുടെ ഭാഗമായി അട്ടപ്പാടി മേഖലയില്‍ കൃഷി ചെയ്യുന്നത്. ആദിവാസി വിഭാഗങ്ങളുടെ തനത് ഭക്ഷണങ്ങളായ റാഗി, ചാമ, തിന തുടങ്ങിയ ചെറു ധാന്യങ്ങള്‍ പയര്‍, തുവര, മുതിര, ഉഴുന്ന് തുടങ്ങിയ പയര്‍വര്‍ഗങ്ങള്‍, കടുക്, എള്ള്, നിലക്കടല തുടങ്ങിയ എണ്ണക്കുരുക്കള്‍, പച്ചക്കറികള്‍, ചീയ, ക്വിനോവ തുടങ്ങിയ സൂപ്പര്‍ ഫുഡ് ധാന്യങ്ങളാണ് പ്രധാനമായും മില്ലറ്റ് പദ്ധതി പ്രകാരം ഉല്‍പാദിപ്പിക്കുന്നത്. പദ്ധതിയിലൂടെ 2020 വരെ 1964.5 മെട്രിക് ടണ്‍ ധാന്യങ്ങള്‍ ഉത്പാദിപ്പിച്ചിട്ടുണ്ട്.


ഫോട്ടോ: അട്ടപ്പാടി മേട്ടുവഴി ഊരില്‍ ജൈവ സര്‍ട്ടിഫിക്കേഷനായി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K