27 August, 2021 06:13:20 PM


കുളമ്പുരോഗം: പാലക്കാട് ജില്ലയില്‍ പ്രതിരോധ വാക്‌സിനേഷന്‍ ഊര്‍ജിതമാക്കി



പാലക്കാട്: ജില്ലയില്‍ കുളമ്പുരോഗ പ്രതിരോധ വാക്‌സിനേഷന്‍ ഊര്‍ജിതമാക്കിയതിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിലവില്‍ 4567 കന്നുകാലികളില്‍ വാക്‌സിനേഷന്‍ നടത്തിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.  രോഗം റിപ്പോര്‍ട്ട് ചെയ്ത ജില്ലയിലെ 25 പഞ്ചായത്തുകളില്‍ രോഗബാധ കണ്ടെത്തിയ സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ റിങ് വാക്‌സിനേഷന്‍ ആണ് നടത്തുന്നത്. 678 കന്നുകാലികളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തതില്‍  ഒരു പശുവും രണ്ട് കാളകളും 16 പശു കുട്ടികളും ചത്തിരുന്നു.
 
ജൂണില്‍ കിഴക്കഞ്ചേരി പഞ്ചായത്തില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജില്ലയില്‍ വാക്‌സിനേഷന്‍ ആരംഭിച്ചത്. കുളമ്പു രോഗത്തിനുള്ള പ്രതിരോധ മരുന്നുകള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നാണ് ലഭ്യമാകുന്നത്. എന്നാല്‍ കോവിഡിന്റെ  പ്രത്യേക സാഹചര്യത്തില്‍ മരുന്ന് ലഭിക്കാതായതിനാല്‍ ഒരു വര്‍ഷമായി വാക്‌സിനേഷന്‍ നല്‍കിയിട്ടില്ല. തുടര്‍ന്ന് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് മരുന്ന് വാങ്ങുകയും കുത്തിവെപ്പ് ആരംഭിക്കുകയും ചെയ്യുകയായിരുന്നു.  ജില്ലയില്‍ നിലവില്‍ ആവശ്യത്തിന് വാക്‌സിന്‍ ലഭ്യമാണെന്ന് ജില്ലാ മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജില്ലയില്‍ അലനല്ലൂര്‍, കിഴക്കഞ്ചേരി, വടക്കഞ്ചേരി, ചാലിശ്ശേരി, കണ്ണാടി, ആലത്തൂര്‍, കുഴല്‍മന്ദം, കരിമ്പുഴ, കാവശ്ശേരി, തേങ്കുറിശ്ശി, മരുതറോഡ്, പുതുശ്ശേരി, വെള്ളിനേഴി, അമ്പലപ്പാറ, കൊടുവായൂര്‍, പുതുക്കോട്, തൃക്കടീരി, വടകരപ്പതി, മുതലമട, വാണിയംകുളം, ചെര്‍പ്പുളശ്ശേരി, ലെക്കടി പേരൂര്‍, കോങ്ങാട്, പട്ടാമ്പി, ഷോളയൂര്‍ എന്നീ 25 പഞ്ചായത്തുകളിലാണ് നിലവില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട  പഞ്ചായത്തുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുളമ്പ് രോഗലക്ഷണങ്ങള്‍

കുളമ്പുകള്‍ക്കിടിയില്‍ വ്രണം, വായില്‍ നിന്നും മൂക്കില്‍ നിന്നും പത, നാക്കിലും അകിടിലും വ്രണങ്ങള്‍, ശരീരതാപനില ഉയരുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍

കുളമ്പുരോഗ പ്രതിരോധ മാര്‍ഗങ്ങള്‍

രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിലേക്ക് കന്നുകാലികളെ കൊണ്ടു പോകുന്നതും ആ പ്രദേശങ്ങളില്‍ നിന്നും കന്നുകാലികളെ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നതും കര്‍ശനമായി നിയന്ത്രിക്കണം.

രോഗബാധയുള്ള പശുവിനെ  കറന്ന വ്യക്തി മറ്റൊരു പശുവിനെ കറക്കുമ്പോള്‍ കൈകള്‍ പൂര്‍ണമായും അണുവിമുക്തമാക്കണം.  കൈകളിലൂടെ രോഗം പകരാന്‍ സാധ്യതയുണ്ട്. രോഗബാധയില്ലാത്ത പശു ആണെങ്കിലും ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

പശുക്കളെ പുറത്ത് മേയാന്‍  വിടുമ്പോള്‍ രോഗബാധയുള്ള പശുവിനെ മറ്റു പശുക്കള്‍ക്കൊപ്പം ചേര്‍ക്കാതെ മാറ്റിനിര്‍ത്തണം.

പുതിയ പശുവിനെ വാങ്ങി കൊണ്ടു വന്നാല്‍ വീട്ടിലുള്ള മറ്റ് പശുക്കളുടെ കൂടെ നിര്‍ത്താതെ കുറഞ്ഞത് മൂന്ന് ആഴ്ച എങ്കിലും മാറ്റിനിര്‍ത്തണം.

രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ അറിയിക്കുകയും വാക്‌സിനേഷന്‍ എടുക്കുകയും ചെയ്യണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K