24 August, 2021 02:30:14 PM


തെരുവുനായ്ക്കളുടെ ആക്രമണം: ജസ്റ്റിസ് സിരിജഗൻ കമ്മീഷന് പരാതി നല്‍കി



കുറ്റിപ്പുറം: തെരുവുനായ്ക്കളുടെ കടിയേറ്റവർക്ക് നഷ്ടപരിഹാരത്തിനായി ജസ്റ്റിസ് സിരിജഗൻ  കമ്മീഷൻ മുമ്പാകെ അപേക്ഷ നൽകി കേരള മനുഷ്യാവകാശ സംരക്ഷണ സമിതി. സാധാരണക്കാരായ സ്ത്രീകളും കുട്ടികളും വൃദ്ധന്മാരും അടക്കമുള്ളവർക്ക് തെരുവുനായ്ക്കളുടെ ഭീഷണിയില്ലാതെ വീടുകളില്‍ സ്വൈരമായി  ജീവിക്കുവാനും സ്വതന്ത്രമായി പുറത്തിറങ്ങി നടക്കുവാനുമുള്ള സൗകര്യം തദ്ദേശസ്വയംഭരണ അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് സമിതി ആവശ്യപ്പെട്ടു.  

പന്താവൂര് പാറപ്പുറം പ്രദേശത്തായി നിരവധി ആളുകൾക്ക് തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണം ഏൽക്കേണ്ടി വന്നു. കുറച്ചു  മാസം മുമ്പ് കുറ്റിപ്പുറത്ത് ഒരാൾ തെരുവുനായയുടെ കടിയേറ്റ് മരിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ അനിമൽ ബർത്ത് കൺട്രോൾ എന്ന സംവിധാനവും ഉപദ്രവകാരികളായ തെരുവുനായ്ക്കളെ മാറ്റി പാർപ്പിക്കുന്ന സംവിധാനവും ഉണ്ടാക്കി ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ സംരക്ഷണ സമിതി  ആവശ്യപ്പെട്ടു. 

തെരുവുനായ്ക്കളുടെ വന്ധ്യംകരണ പ്രവർത്തനത്തിന്‍റെ ഭാഗമായി അനിമൽ ബർത്ത് കൺട്രോൾ സംവിധാനം ഉണ്ടെങ്കിലും ഇത്തരം സംവിധാനവുമായി മുന്നോട്ടു വരാൻ പഞ്ചായത്തും ജില്ലാ പഞ്ചായത്തും തയ്യാറാകുന്നില്ല. ഈ സംവിധാനം ഉണ്ടാകണമെന്ന് കോടതികൾ ആവശ്യപ്പെട്ടിട്ട് പോലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടികള്‍  സ്വീകരിക്കാത്തതില്‍ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ യോഗം പ്രതിഷേധം രേഖപ്പെടുത്തി. യോഗത്തിൽ സമിതി മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ കബീർ കാരിയാട്ട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുന്ദരൻ തൈക്കാട് അബ്ദുൽറഷീദ്. കെ. പി., സുരേഷ് കുമാർ എ.വി. എന്നിവർ സംസാരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K