19 August, 2021 07:09:09 PM


ഇന്ത്യയുമായുള്ള വ്യാപാരബന്ധം അവസാനിപ്പിച്ച് താലിബാൻ; കയറ്റിറക്കുമതികള്‍ നിലച്ചു



ന്യൂഡൽഹി: ഇന്ത്യയുമായുള്ള അഫ്ഗാനിസ്ഥാന്‍റെ വ്യാപാരം ബന്ധം താലിബാൻ അവസാനിപ്പിച്ചതായി റിപ്പോർട്ട്. ഇതോടെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയും ഇറക്കുമതിയും നിലച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങൾക്കുമിടയിൽ ദശലക്ഷകണക്കിന് ഡോളറിന്‍റെ വ്യാപാരമാണ് ഓരോ വർഷവും നടക്കുന്നത്. ഈ വർഷം ഇതുവരെ മാത്രം 835 ദശലക്ഷം ഡോളറിന്‍റെ കയറ്റുമതിയും 510 ദശലക്ഷം ഡോളറിന്‍റെ ഇറക്കുമതിയുമാണ് ഇന്ത്യ അഫ്ഗാനിലേക്ക് നടത്തിയത്.


ചായ, കാപ്പി, പഞ്ചസാര, തുണി, സുഗന്ധവ്യജ്ഞനം, മരുന്ന് എന്നിവയാണ് ഇന്ത്യ അഫ്ഗാനിലേക്ക് കയറ്റി അയയ്ക്കുന്നത്. അതേസമയം ഡ്രൈ ഫ്രൂട്ട്സ്, ഉള്ളി എന്നിവയാണ് അഫ്ഗാൻ പ്രധാനമായും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. അതേസമയം പാകിസ്ഥാൻ വഴിയാണ് അഫ്ഗാനിസ്ഥാനലേക്കും തിരിച്ചുമുള്ള വ്യാപാരം നടന്നിരുന്നത്. ഇതിൽ തടസം നേരിട്ടതുകൊണ്ടാണ് ഇപ്പോൾ വ്യാപാരം നിലച്ചതെന്നും സൂചനയുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം ഇന്ത്യയുമായുള്ള വ്യാപാരബന്ധം അഫ്ഗാനിസ്ഥാൻ അവസാനിപ്പിച്ചാൽ അത് നിരവധി ഇന്ത്യൻ കമ്പനികൾക്ക് വൻ തിരിച്ചടിയായി മാറിയേക്കും. അഫ്ഗാനിസ്ഥാനിൽ നിരവധി കമ്പനികൾ വൻ നിക്ഷേപം നടത്തിയിരുന്നു. അഫ്ഗാനിസ്ഥാനുമായി ഇന്ത്യ നല്ല ബന്ധം തുടരുന്നതിനിടെയാണ് താലിബാൻ അവിടുത്തെ ഭരണം പിടിച്ചെടുത്തത്. ഇത് അവിടെ നിക്ഷേപം നടത്തിയ ഇന്ത്യൻ കമ്പനികൾക്ക് തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K