10 August, 2021 09:19:32 PM


'പുരുഷന്‍മാര്‍ സംസാരിക്കട്ടെ': ലോക മുലയൂട്ടല്‍ വാരാചരണവും വെബിനാറും



പാലക്കാട്: ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഐ.സി.ഡി.എസ് പ്രൊജക്ട്, ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. 'മുലയൂട്ടല്‍ പരിരക്ഷണം - ഒരു കൂട്ടായ ഉത്തരവാദിത്തം' എന്ന  പ്രമേയത്തോടെയാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്.


വാരാചരണ പരിപാടിയോടനുബന്ധിച്ച് മുലയൂട്ടലിനെക്കുറിച്ച് 'പുരുഷന്‍മാര്‍ സംസാരിക്കട്ടെ' എന്ന വിഷയത്തില്‍  ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി.ആര്‍. ലത നേതൃത്വം നല്‍കി.


ഈ വര്‍ഷത്തെ പ്രമേയം അടിസ്ഥാനമാക്കി നടന്ന വെബിനാറില്‍ കൊളസ്ട്രം അടങ്ങിയ മുലപ്പാല്‍ ആദ്യത്തെ അരമണിക്കൂറിനുള്ളില്‍ നല്‍കേണ്ടതിന്റെ പ്രാധാന്യം, ആറ് മാസം വരെ സമ്പൂര്‍ണ മുലയൂട്ടല്‍, ഗര്‍ഭാവസ്ഥയിലും മുലയൂട്ടുന്ന കാലയളവിലും മതിയായ പോഷകാഹാരം, ഇലക്കറികള്‍, പച്ചക്കറികള്‍ ധാരാളമായി കഴിക്കുക, വെള്ളം ധാരാളമായി കുടിക്കുക, ആറ് മാസം കഴിഞ്ഞ് പൂരക പോഷകാഹാരത്തോടൊപ്പം മുലയൂട്ടല്‍ രണ്ട് വയസ് വരെ തുടരുന്നത് അമ്മയ്ക്കും കുഞ്ഞിനും നല്‍കുന്ന ഗുണങ്ങള്‍, ആറ് മാസത്തിന് മുന്‍പ് കുഞ്ഞിന് മുലപ്പാല്‍ ഒഴികെ വെള്ളം പോലും നല്‍കരുതെന്നും പൊക്കിള്‍ക്കൊടിയില്‍ അന്യ വസ്തുക്കള്‍ പ്രയോഗിക്കരുതെന്നും ഓര്‍മിപ്പിച്ചു.


കുടുംബാംഗങ്ങളുടെ കൂട്ടായ പിന്തുണ നവജാത ശിശു പരിചരണത്തില്‍ അമ്മയ്ക്ക് ഉറപ്പുവരുത്തുക, ഗൃഹാന്തരീക്ഷത്തില്‍ മാനസിക സ്വസ്ഥത, വിശ്രമം ഉറപ്പുവരുത്തുക, ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ പരിചരണം സംബന്ധിച്ചും വെബിനാറില്‍ വിശദീകരിച്ചു. പാലക്കാട് ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എ. കെ. അനിത, വടക്കഞ്ചേരി സി.എച്ച്.സി പീഡിയാട്രീഷ്യന്‍ ഡോ. ആനന്ദ്, മണ്ണാര്‍ക്കാട് സി.വി.ആര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ എം.ഡി ഡോ. സൗമ്യ സരിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഓഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെ നടന്ന വാരാചരണ പരിപാടിയില്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, സി.ഡി.പി.ഒമാര്‍, ന്യൂട്രീഷ്യന്‍സ്, എന്‍.എന്‍.എം കോ-ഓര്‍ഡിനേറ്റര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ പങ്കെടുത്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K