27 July, 2021 09:32:38 PM


'ക്രിസ്ത്യാനിയും ഹിന്ദുവും മാത്രം ജനസംഖ്യ നിയന്ത്രിച്ചാല്‍ മതിയോ?'- പി.സി ജോര്‍ജ്



കോട്ടയം: ക്രിസ്ത്യാനിയും ഹിന്ദുവും മാത്രം ജനസംഖ്യ നിയന്ത്രിച്ചാല്‍ മതിയോയെന്ന ചോദ്യവുമായി പി.സി ജോര്‍ജ്ജ്. ജനസംഖ്യാ വര്‍ധനവിന് പാലാ രൂപത പ്രോത്സാഹാനം നല്‍കുന്നതു സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പി.സി ജോര്‍ജ്. 


'ക്രിസ്ത്യാനിയുടെ എണ്ണം കുറവാ. അച്ചന്‍മാരാകാനൊന്നും ഇപ്പോള്‍ ആളില്ല. എല്ലാവരും നാമൊന്ന് നമുക്കൊന്ന് എന്ന് പറഞ്ഞ് നടക്കുവാ, പിള്ളേര് കൂടുതല്‍ വേണമെന്നാ എന്‍റെ അഭിപ്രായം. സിസ്റ്റേഴ്‌സാകാനൊന്നും പിള്ളേരെ കിട്ടുന്നില്ല. പള്ളിയും മഠവുമൊക്കെ പൂട്ടിപ്പോകാന്‍ പറ്റുമോ. ഞാന്‍ ചോദിക്കട്ടേ, ക്രിസ്ത്യാനിയും ഹിന്ദുവും മാത്രം ഈ ജനസംഖ്യ നിയന്ത്രിച്ചാല്‍ മതിയോ'- പി.സി ജോര്‍ജ് പറഞ്ഞു.


യു.പിയില്‍ ഹിന്ദുവിനൊരു നിയമം, ക്രിസ്ത്യാനിക്കൊരു നിയമം, സിഖുകാരനൊരു നിയമം, മുസ്‌ലിമിനൊരു നിയമം എന്നൊന്നില്ലല്ലോ. എല്ലാവര്‍ക്കും ഒരു നിയമമല്ലേ. ആ നിയമം കേരളത്തിലേക്കും കൊണ്ടുവന്നോട്ടെയെന്നും പി.സി ജോര്‍ജ് പറഞ്ഞു. അതേസമയം, ജനസംഖ്യാ വര്‍ധനവ് പ്രോത്സാഹിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച പദ്ധതികളില്‍ നിന്ന് പിന്നോട്ടില്ലെന്ന് പാലാ രൂപത വ്യക്തമാക്കി.


അഞ്ച് കുട്ടികളില്‍ അധികമുള്ള കുടുംബങ്ങള്‍ക്ക് പാലാ രൂപത ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചത് വിവാദമായിരുന്നു. കുടുംബവര്‍ഷം പ്രമാണിച്ചാണ് പാലാ രൂപത ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച്‌ രൂപത മെത്രാന്‍ മാര്‍ മാത്യു കല്ലറങ്ങാട്ടിന്റെ സര്‍ക്കുലര്‍ വരുന്ന ഞായറാഴ്ച പള്ളികളില്‍ വായിക്കും.


2000നു ശേഷം വിവാഹിതരായ പാലാ രൂപതാംഗങ്ങളായ ദമ്ബതികള്‍ക്ക് അഞ്ചോ അതില്‍ കൂടുതലോ കുട്ടികള്‍ ഉണ്ടെങ്കില്‍ ഓരോ മാസവും 1,500 രൂപ സാമ്ബത്തിക സഹായം ഓഗസ്റ്റ് മുതല്‍ നല്‍കും. കൂടുതല്‍ മക്കളുള്ള ദമ്ബതികളില്‍ ഒരാള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയനുസരിച്ച്‌ രൂപതയുടെ ചേര്‍പ്പുങ്കലിലുള്ള മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ജോലികളില്‍ മുന്‍ഗണന നല്‍കും.


നാലാമത്തെയും തുടര്‍ന്നുമുള്ള പ്രസവത്തിന് ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയിലും മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷന്‍ ഹോസ്പിറ്റലിലും സൗജന്യചികിത്സ നല്‍കും. മാര്‍ സ്ലീവാ നഴ്‌സിങ് കോളജില്‍ പ്രവേശനം ലഭിക്കുന്ന നാലാമതു മുതലുള്ള കുട്ടികളുടെ പഠനച്ചെലവുകളും സൗജന്യമാക്കിയിട്ടുണ്ട്. നാലാമതായും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലാ രൂപതയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ട്യൂഷന്‍ ഫീസും സൗജന്യമാക്കിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K