25 July, 2021 06:48:32 PM


ഐഎന്‍എല്‍ പിളര്‍ന്നു; പരസ്പരം പുറത്താക്കി പ്രസിഡന്‍റും ജനറല്‍ സെക്രട്ടറിയും



കൊച്ചി: ഇടതുമുന്നണിയിലെ ഘടക കക്ഷിയായ ഐഎന്‍എല്‍ (ഇന്ത്യന്‍ നാഷണല്‍ ലീഗ്) പിളര്‍ന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി പ്രസിഡന്‍റ് എ പി അബ്ദുൽ വഹാബ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതേസമയം അബ്ദുള്‍ വഹാബിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കാസിം ഇരിക്കൂറും അറിയിച്ചു. ഇരുവിഭാഗങ്ങളും സമാന്തരമായി യോഗം ചേര്‍ന്ന ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇരുനേതാക്കളും നടപടികള്‍ പ്രഖ്യാപിച്ചത്.


കാസിം ഇരിക്കൂറിന് പകരം നാസര്‍ കോയ തങ്ങളെയാണ് അബ്ദുള്‍ വഹാബ് വിഭാഗം പുതിയ ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്. മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും അദ്ദേഹം അറിയിച്ചു. അതേസമയം ഐഎന്‍എല്‍ ദേശീയ നേതൃത്വത്തിന്റെ പിന്തുണ തങ്ങള്‍ക്കെന്നാണ് കാസിം വിഭാഗം അവകാശപ്പെടുന്നത്. അബ്ദുള്‍ വഹാബിനെ പുറത്താക്കിയ തീരുമാനം ദേശീയ നേതൃത്വത്തിന്റെതാണെന്നും കാസിം ഇരിക്കൂര്‍ അവകാശപ്പെട്ടു.


നിലവിലെ വര്‍ക്കിങ് പ്രസിഡന്റ് ഹംസ ഹാജിയെയാണ് കാസിം വിഭാഗം പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തത്. വഹാബിനൊപ്പം ഏഴ് സെക്രട്ടേറിയേറ്റ് അംഗങ്ങളെയും പാര്‍ട്ടില്‍നിന്ന് പുറത്താക്കിയതായി കാസിം ഇരിക്കൂര്‍ വ്യക്തമാക്കി. മുസ്ലിം ലീഗാണ് ഐഎന്‍എല്ലില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതെന്നാണ് ഇരുവിഭാഗത്തിന്റെയും ആരോപണം.


അബ്ദുൽ വഹാബ് വിളിച്ച യോഗം കൊച്ചി തോപ്പുംപടിയിലും കാസിം ഇരിക്കൂറിന്റെ നേതൃത്വത്തില്‍ ആലുവയിലുമാണ് യോഗം ചേര്‍ന്നത്. കൊച്ചിയില്‍ രാവിലെ ചേര്‍ന്ന ഐഎന്‍എല്‍ സംസ്ഥാന നേതൃയോഗത്തില്‍ ഇരുവിഭാഗം പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടിയിരുന്നു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലായിരുന്നു സംഭവം. ഇതിന് പിന്നാലെയാണ് ഇരുവിഭാഗങ്ങളും പ്രത്യേകം യോഗം ചേര്‍ന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K