25 July, 2021 06:28:44 PM


ഐഎൻഎൽ യോഗത്തിൽ സംഘർഷം; മന്ത്രിയെ തല്ലുകൊളളാതെ പൊലീസ് രക്ഷപെടുത്തി



കൊച്ചി: പ്രോട്ടോകോൾ ലംഘിച്ച് ചേർന്ന ഐ എൻ എൽ യോഗത്തിനിടെ സംഘർഷം. യോഗത്തിൽ പങ്കെടുത്ത മന്ദ്രി അഹമ്മദ് ദേവർകോവിലിനെ തല്ലുകൊള്ളാതെ പൊലീസ് രക്ഷപെടുത്തി. മന്ത്രിയെ സാക്ഷിയാക്കിയാണ് യോഗത്തിൽ ഇരുവിഭാഗം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. മന്ത്രിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലായിരുന്നു സംഘർഷം. അതേസമയം  കോവിഡ് പ്രോട്ടോകോൾ ലംഘിച്ച യോഗം നടത്തിയ ഐഎൻഎൽ ഭാരവാഹികൾക്ക് എതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. 


യോഗം നടന്ന ഹോട്ടലിന് എതിരെയും കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ കേസെടുത്തെക്കില്ല. എറണാകുളം സെൻട്രൽ പൊലീസ് നൽകിയ നോട്ടീസ് അവഗണിച്ചാണ് സ്വകാര്യ ഹോട്ടലിൽ യോഗം ചേർന്നത്. ഐ എൻ എൽ പ്രവർത്തകസമിതിയും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളുമാണ് ഇവിടെ ചേർന്നത്. എന്നാൽ യോഗം ആരംഭിച്ച ഉടൻ ഹാളിനകത്ത് വാക്കേറ്റവും കൈയങ്കളിയും രൂക്ഷമാകുകയായിരുന്നു. ഇതോടെ യോഗം പിരിച്ചുവിട്ടതായി നേതൃതവം അറിയിച്ചു.


എന്നാൽ ഇത് അംഗീകരിക്കാൻ ഒരു വിഭാഗം തയ്യാറാകാതെ വന്നതോടെ പ്രവർത്തകർ തമ്മിൽ ഉന്തുതള്ളും ഉണ്ടാകുകയായിരുന്നു. പി എസ്‌ സി ബോര്‍ഡ് അംഗ വിവാദം, സ്റ്റാഫ് നിയമനം, ലീഗ് അബ്ദുള്‍ വഹാബ് എംപിയുടെ കൈയ്യില്‍ നിന്നും തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിയ സംഭവം ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ ഇതിനകം സംഘടനക്കുള്ളില്‍ നില്‍ക്കുന്നുണ്ട്. ഇതിന് പുറമേ ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ യോഗം നടത്തുന്നത് കൂടി ചൂണ്ടിക്കാട്ടിയതോടെ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം വിമര്‍ശനമുയര്‍ത്തിയതാണ് പിന്നീട് കയ്യാങ്കളിയില്‍ കലാശിച്ചത്.


ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ യോഗം നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് ജില്ലാ കമ്മിറ്റി അംഗം മനാഫ് മുന്‍പ് പ്രതികരിച്ചിരുന്നു. സംസ്ഥാന കമ്മിറ്റി പറഞ്ഞതനുസരിച്ചാണ് യോഗമെന്നായിരുന്നു ജില്ലാ സെക്രട്ടറി കെ.എം.എ ജലീലിന്റെ പ്രതികരണം. ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെതിരെയാണ് പ്രതിഷേധമുണ്ടായത്. സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ വഹാബിന്റെ നേതൃത്വത്തിലഹയിരുന്നു പ്രതിഷേധം. അസിസ്റ്റന്റ് കമ്മീക്ഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാല്‍ കണ്‍മുന്നില്‍ നടന്ന പരസ്യമായ കയ്യാങ്കളിയോട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രതികരിക്കാതിരിക്കുകയായിരുന്നു. പൊലീസെത്തി മന്ത്രിയെ സുരക്ഷിതമായ സ്ഥലത്തെത്തിച്ചു.


വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രവർത്തകരെ അനുനയിപ്പിക്കാൻ നോക്കി. ഇതിനിടെ മന്ത്രിയെ പൊലീസ് ഇടപെട്ട് അവിടെനിന്ന് മാറ്റുകയായിരുന്നു. പൊലീസിന്‍റെ അവസരോചിതമായ ഇടപെടൽ മൂലമാണ് വലിയ സംഘർഷത്തിലേക്ക് പോകാതിരുന്നത്. ഹോട്ടലിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. യോഗം തുടങ്ങുന്നതിന് മുമ്പ് തന്നെ ഹോട്ടലിന് പരിസരത്തായി അറുപതിലേറെ പ്രവർത്തകർ നിലയുറപ്പിച്ചിരുന്നു. യോഗം തുടങ്ങിയതോടെ ഇവർ ചേരി തിരിഞ്ഞു ഹോട്ടലിന് മുന്നിൽവെച്ച് വാക്കേറ്റത്തിൽ ഏർപ്പെടുകയയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K