24 July, 2021 11:30:42 AM


പ്രകാശം പരന്നിട്ടും പൊലീസിന് കാണാൻ കഴിയില്ല; ജവാൻ റം സ്പിരിറ്റ് തട്ടിപ്പ് 'ആവി'യായേക്കുംതിരുവല്ല: സംസ്ഥാന സർക്കാരിനു കീഴിലെ തിരുവല്ല പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിലെ ജവാൻ റം സ്പിരിറ്റ് തട്ടിപ്പ് കേസ് 'ആവി'യാകുമെന്ന് സൂചന. കേസിലെ പ്രതിയായ ഉന്നത ഉദ്യോഗസ്ഥൻ പോലീസിന്റെ മൂക്കിനു താഴെ ഉണ്ടായിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപണം ഉയര്‍ന്നു. സ്പിരിറ്റ് മോഷണം പുറത്തു വന്ന് നാലാഴ്ചയോളമായി ഒളിവിലുളള നാലാം പ്രതിയും കമ്പനി ജനറൽ മാനേജരുമായ അലക്സ് പി. എബ്രഹാം കഴിഞ്ഞ ദിവസം രാത്രി പുളിക്കീഴിലെ കമ്പനി ഗസ്റ്റ് ഹൗസിൽ എത്തിയതായി നാട്ടുകാർ ആരോപിച്ചു.

താമസക്കാർ ആരുമില്ലെന്ന് കരുതുന്ന ജനറൽ മാനേജറുടെ ഔദ്യോഗിക വസതിയിലെ മുറികളിൽ വെളുക്കുവോളം പ്രകാശം കണ്ടതായി നാട്ടുകാർ പറഞ്ഞു. പോലീസിനെ അറിയിച്ചിട്ടും അന്വേഷണം ഉണ്ടായില്ല എന്നും ആരോപണമുണ്ട്. ഉന്നത രാഷ്ട്രീയ സ്വാധീനമുളളയാളാണ് സസ്പെന്‍ഷനിലുളള ജനറൽമാനേജരെന്നും ആരോപണമുണ്ട്. ഇദ്ദേഹത്തിന് പുറമേ പേഴ്സണൽ മാനേജർ പി. ഒ. ഹാഷിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി എന്നിവരും ഒളിവിലാണ്.


അതേസമയം, സ്പിരിറ്റ് തട്ടിപ്പിന് ശേഷം ഉല്പാദനം തടസ്സപ്പെട്ടിരുന്ന ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ ജവാൻ റം നിർമ്മാണം പുനഃരാരംഭിച്ചു. ഈ പ്ലാന്റിൽ ഒരുദിവസം 72,000 ലിറ്റർ മദ്യം ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. പുനഃരാരംഭിച്ച ശേഷം 45,000 ലിറ്റർ ഉൽപാദിപ്പിച്ചു. അടുത്ത ആഴ്ചയോടു കൂടി നിർമ്മാണം പൂർണ്ണതോതിൽ എത്തിക്കാൻ കഴിയും എന്ന് കമ്പനി പ്രതീക്ഷിക്കുന്നു.


സ്പിരിറ്റ് മറിച്ചുവിറ്റ കേസിൽ മധ്യപ്രദേശിൽ നിന്നും പിടിയിലായ ഏഴാം പ്രതി  സതീഷ് ബാൽ ചന്ദ് വാലിയെ കസ്റ്റഡിയിൽ ലഭിക്കാനായി പുളിക്കീഴ് പൊലീസ് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. ഇയാളെ പുളിക്കീഴിൽ എത്തിച്ച ശേഷം കൂടുതൽ ചോദ്യം ചെയ്യാനാണ് പോലീസ് അപേക്ഷ നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതിനോടകം പിടിയിലായ മൂന്നുപേർ റിമാൻഡിലാണ്.


മധ്യപ്രദേശിൽ നിന്നും ടാങ്കറിൽ എത്തുന്ന സ്പിരിറ്റാണ് മറിച്ചു വിറ്റത്. ലിറ്ററിന് അൻപത് രൂപയ്ക്ക് ഈ സ്പിരിറ്റ് മധ്യപ്രദേശിലെ കമ്പനിക്ക് തന്നെ വിൽക്കുകയായിരുന്നു. ബിവറേജസ് കോര്‍പ്പറേഷനു വേണ്ടി ജവാന്‍ റം നിര്‍മിക്കുന്നതിനായി മധ്യപ്രദേശില്‍നിന്ന് 1,15,000 ലിറ്റര്‍ സ്പിരിറ്റ് എത്തിക്കാനുള്ള കരാര്‍ എറണാകുളത്തെ സ്വകാര്യ കമ്പനിക്ക് നല്‍കിയിരുന്നു.


ടാങ്കറുകളില്‍ കൊണ്ടുവരുന്ന സ്പിരിറ്റിന്റെ അളവില്‍ കുറവുണ്ടെന്ന രഹസ്യവിവരം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിനു നേരത്തെ ലഭിച്ചു. പുളിക്കീഴിലെ ഫാക്ടറിയില്‍ എത്തിയപ്പോഴാണ് ടാങ്കര്‍ ലോറി ഡ്രൈവര്‍മാരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തത്. 40,000 ലിറ്ററിന്റെ രണ്ടു ടാങ്കറിലും 35,000 ലിറ്ററിന്റെ ഒരു ടാങ്കറിലും നടത്തിയ പരിശോധനയില്‍ 20,000 ലിറ്റര്‍ സ്പിരിറ്റ് കുറവുണ്ടെന്നു വ്യക്തമായി.


കേരളത്തില്‍ വാഹനങ്ങള്‍ എത്തുംമുമ്പേ സ്പിരിറ്റ് ചോര്‍ത്തി വിറ്റെന്നാണ് എക്‌സൈസ് സംഘത്തിന്റെ നിഗമനം. വര്‍ഷങ്ങളായി വന്‍തോതില്‍ സ്പിരിറ്റ് തട്ടിയെടുത്ത ശേഷം പകരം റമ്മിൽ വെള്ളം ചേര്‍ത്തിരുന്നതായാണ് ലഭിക്കുന്ന വിവരം. കുറഞ്ഞ വിലയിൽ ലഭിക്കുന്ന 'ജവാന് പഴയ വീര്യമില്ല' എന്ന സ്ഥിരം ഉപയോക്താക്കൾക്ക് പരാതിയും ഉണ്ടായിരുന്നു.Share this News Now:
  • Google+
Like(s): 4.8K