23 July, 2021 01:12:33 PM


സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപകടത്തിൽ മരിച്ചു



കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ സുഹൃത്ത് കണ്ണൂർ കപ്പക്കടവ് സ്വദേശി റമീസ് വാഹനാപകടത്തിൽ മരിച്ചു. കണ്ണീർ അഴീക്കോട് ഇന്നലെയാണ് വാഹനാപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. മാതാവിനെ ബന്ധുവീട്ടിലാക്കി തിരിച്ചു വരുമ്പോഴായിരുന്നു അപകടം. ഇന്നലെ ഉച്ചക്ക് ഇയാൾ ഓടിച്ചിരുന്ന ബൈക്ക്  അഴീക്കോട് വെച്ച് ഒരു കാറിൽ ഇടിക്കുകയായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നു പുലർച്ചെയോടെ മരണമടഞ്ഞു. അർജുൻ ആയങ്കിയുടെ ഉടമസ്ഥയിലുള്ള ബൈക്കാണ് ഇയാൾ ഓടിച്ചിരുന്നത്.


സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന് ഇരുപത്തിയേഴാം തീയതി ഹാജരാകാൻ റമീസിനോട് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ റമീസ് എത്തിയിരുന്നില്ല. ഇതിനെ തുടർന്നാണ് 27 ന് ഹാജരാകാൻ കസ്റ്റംസ് ആവശ്യപെട്ടത്. റമീസിന് ഒപ്പം അർജുൻ ആയങ്കിയുടെ സുഹൃത്ത് പ്രണവിനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. റമീസിന്റെ വീട്ടിലും കസ്റ്റംസ് നേരത്തെ പരിശോധന നടത്തിയിരുന്നു.


അപകടത്തിൽ ദുരൂഹത ഇല്ലെന്നാണ് നിലവിലെ നിഗമനം. എന്നാൽ സംഭവത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം വളപട്ടണം പോലീസ് നടത്തുന്നുണ്ട്. അർജുൻ ആയങ്കിക്കെതിരെ  കൂടുതൽ  തെളിവുകൾ തേടുന്നതിനിടിയിലാണ് ഉറ്റസുഹൃത്തിന്റെ മരണം. അതേസമയം, അർജുൻ വിവിധ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചു കള്ളക്കടത്ത് സ്വർണ്ണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ നിലപാട്. അറസ്റ്റിലായ അജ്മലിന്റെ മൊഴിയിൽ ഇത് അർജുന്റെ  വ്യക്തമാണ്. ഇക്കാര്യങ്ങൾക്കായി അർജുന് നിരവധി ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ട്. ഇവരെ സ്വർണ്ണം തട്ടിയെടുക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്.


ഭാര്യ അമലയുടെ മൊഴിയും അർജുന് എതിരാണെന്ന് കസ്റ്റംസ് റിപ്പോർട്ടിൽ പറയുന്നു. അർജുന് നേരത്തെ ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നു. ഇതെല്ലാം  വീട്ടിലെ ബന്ധുക്കൾ ഇടപെട്ടാണ് അവസാനിപ്പിക്കാൻ ശ്രമിച്ചതെന്ന് അമല നൽകിയ മൊഴിയിലുണ്ട്. നേരത്തെ മൊഴി നൽകിയ ഡി വൈ എഫ് ഐ മുൻ മേഖലാ സെക്രട്ടറി സജേഷ് , അർജുന്റെ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടുണ്ട്. അറസ്റ്റിലായ മുഹമ്മദ് ഷെഫീക്കിന്റെ മൊഴിയും അർജുനനെതിരാണ്. നേരത്തെ കസ്റ്റംസ് ചോദ്യം ചെയ്ത ടി പി വധക്കേസ് മുഹമ്മദ് ഷാഫിയും അർജുനെതിരെ മൊഴി നല്കിയട്ടുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം മുദ്രവച്ച കവറിൽ കോടതി മുമ്പാകെ സമർപ്പിക്കുമെന്നും കസ്റ്റംസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K