21 July, 2021 12:59:12 PM


പീഡനവിഷയത്തിൽ മന്ത്രി ഇടപെട്ടിട്ടില്ല; എ കെ ശശീന്ദ്രന്‍ രാജി വെക്കേണ്ടതില്ല - പി.സി.ചാക്കോ



തിരുവനന്തപുരം: പീഡന കേസ് ഒത്തുതീര്‍ക്കാന്‍ ഇടപെട്ടുവെന്ന വിവാദത്തില്‍ മന്ത്രി എ കെ ശശീന്ദ്രന്‍റെ രാജിയുണ്ടാവില്ലെന്ന് സൂചന. തല്‍ക്കാലത്തേക്ക് മന്ത്രിയുടെ രാജി വേണ്ടെന്നാണ് സിപിഎം നിലപാട്. മന്ത്രിയുടെ വിശദീകരണം മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. ഇടപെടലില്‍ മന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായെങ്കിലും ഇരയെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശവും ഇടപെടലും ഉണ്ടായിട്ടില്ലെന്നും സിപിഎം വിലയിരുത്തുന്നു.


ഇന്നലെ ഫോണില്‍ വിളിച്ച്‌ കാര്യങ്ങള്‍ വിശദീകരിച്ചതിന് പിറകെ മുഖ്യമന്ത്രിയുമായി ഇന്ന് രാവിലെ മന്ത്രി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വിഷയത്തില്‍ പോലീസും എന്‍ സി പിയും നടത്തുന്ന അന്വേഷണം തുടരട്ടെയെന്നും പാര്‍ട്ടി വ്യക്തമാക്കി. എന്നാല്‍ ഇതുസംബന്ധിച്ച സിപിഎമ്മിന്‍റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.


പീഡന പരാതി ഒതുക്കി തീർക്കാൻ ഇടപ്പെട്ടെന്ന ആരോപണത്തിൽ മന്ത്രി എ കെ ശശീന്ദ്രനെ പിന്തുണച്ച് എന്‍സിപി. ആരോപണങ്ങളുടെ പേരിൽ ശശീന്ദ്രൻ രാജിവെക്കേണ്ടതില്ലെന്ന് എൻ സി പി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ ഡൽഹിയിൽ പറഞ്ഞു. ശശീന്ദ്രൻ പെൺകുട്ടിയുടെ അച്ഛനെ ഫോൺ ചെയ്തത് പാർട്ടിയിലെ അഭിപ്രായ ഭിന്നത പരിഹരിക്കാനായിരുന്നു. പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടിട്ടാണ് ശശീന്ദ്രൻ ഇടപെട്ടത്. പാർട്ടിയിലെ പ്രശ്‌നം പരിഹരിക്കണമെന്നാണ് സംഭാഷണത്തിലുള്ളത്. പീഡന കേസ് ഒത്ത് തീർപ്പാക്കണമെന്ന് ശശീന്ദ്രൻ പറഞ്ഞിട്ടില്ല.


പീഡന പരാതിയെ ക്കുറിച്ച് ശശീന്ദ്രൻ അറിഞ്ഞിട്ടില്ലെന്നും പി സി ചാക്കോ ഡൽഹിയിൽ പറഞ്ഞു. "ലോഡഡ് " ചോദ്യങ്ങളാണ് പെൺകുട്ടിയുടെ അച്ഛൻ ചോദിച്ചത്. പെൺകുട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിൽ നിയമപരമായ നടപടികൾ എടുക്കണം. പെൺകുട്ടിയുടെ പരാതിയിൽ പാർട്ടി ഇടപെടില്ല. ശശീന്ദ്രൻ വിഷയം പാർട്ടിയിലെ പ്രതിരോധത്തിൽ ആക്കിയിട്ടില്ല. ശശീന്ദ്രനുമായി സംസാരിച്ച് വിശദാംശങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നും പി സി ചാക്കോ പറഞ്ഞു.


ആരോപണങ്ങൾ അന്വേഷിക്കുന്നതിന് അന്വേഷണ കമ്മിഷനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തിയോ എന്നതിൽ മന്ത്രി തന്നെ വിശദീകരണം നൽകിയിട്ടുണ്ട്. എ കെ ശശീന്ദ്രനോട് പാർട്ടി രാജി ആവശ്യപ്പെടില്ല. ആരോപണങ്ങൾ തെളിയിക്കെപ്പെടുമ്പോഴാണ് ആരെങ്കിലും രാജി വെക്കുക. ഇതിന് മുൻപും മന്ത്രിമാർക്കെതിരെ ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. എൻസിപി സംസ്ഥാന പ്രസിഡന്‍റ് അറിഞ്ഞു കൊണ്ടാണ് മന്ത്രി ഭീക്ഷണിപെടുത്തിയതെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും പി സി ചാക്കോ പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K