16 July, 2021 08:21:29 PM


സഹകരണ മേഖല നടത്തുന്നത് സമയോചിത ഇടപെടലുകള്‍-മന്ത്രി വി.എന്‍. വാസവന്‍



കോട്ടയം : പ്രതിസന്ധി ഘട്ടങ്ങളില്‍ സമയോചിത ഇടപെടലുകളിലൂടെ  ജനങ്ങള്‍ക്ക് സഹായമെത്തിക്കുവാന്‍  സഹകരണ മേഖലയ്ക്ക് കഴിയുന്നുണ്ടെന്ന് വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്കുള്ള സമാശ്വാസ ഫണ്ട്  വിതരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.


രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തില്‍ സംഭവിച്ച മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ സാധാരണക്കാര്‍ക്ക് നിലനില്‍പ്പിന് ആശ്രയിക്കാന്‍ കഴിയുന്നത് സഹകരണ ബാങ്കുകളെയാണ്. പ്രളയവും കോവിഡും ഉള്‍പ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ ജനനന്മയ്ക്കുവേണ്ടി നിര്‍ണായക ഇടപെടല്‍ നടത്താന്‍ സഹകരണ മേഖലയ്ക്ക് കഴിഞ്ഞു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സാമഗ്രികള്‍ സ്വന്തമാക്കുന്നതിനുവേണ്ടി ഏര്‍പ്പെടുത്തിയ പലിശഹിത വായ്പ്പാ സംവിധാനമായ വിദ്യാതരംഗിണിയാണ് ഇതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ഏറെ സ്വീകാര്യത കിട്ടിയ ഈ പദ്ധതി ഊര്‍ജ്ജിതമായി മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനം.


അംഗ സമാശ്വാസ ഫണ്ട് പദ്ധതിയില്‍ സമര്‍പ്പിക്കപ്പെട്ട ഒരു അപേക്ഷ പോലും നിരസിക്കപ്പെട്ടിട്ടില്ല. സഹകരണ മേഖലയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്ന ഈ ആശ്വാസ നിധിയിലേക്ക് ഇനിയും അപേക്ഷിക്കുന്നവരെയും പരിഗണിക്കും-അദ്ദേഹം പറഞ്ഞു. 
കോട്ടയം സഹകരണ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന  
ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ മുഖ്യ പ്രഭാഷണം നടത്തി.


അംഗ സമാശ്വാസ ഫണ്ട് പദ്ധതിയിൽ ജില്ലയിൽ 1.71 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. ആദ്യ ഗഡുവായി അനുവദിച്ച 1,71,90000 രൂപ വിവിധ ബാങ്കുകളുടെ പ്രസിഡൻ്റുമാർ  ഏറ്റു വാങ്ങി. ചടങ്ങിൽ കെയർ ഹോം പദ്ധതിയുടെ നിര്‍വഹണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ ചടങ്ങില്‍ ആദരിച്ചു.


കോട്ടയം കോ- ഓപ്പറേറ്റീവ് അർബൻ ബാങ്ക്  ചെയർമാൻ ടി.ആർ രഘുനാഥ്, കേരള ബാങ്ക് ചെയർമാൻ ഫിലിപ്പ് കുഴികുളം, കേരള പ്രൈമറി ക്രെഡിറ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ. ജയകൃഷ്ണൻ, പാമ്പാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് അഡ്വ. റെജി സഖറിയ, അഡീഷണൽ രജിസ്ട്രാർ (ക്രെഡിറ്റ്) എം. ബിനോയ് കുമാർ എന്നിവർ സംസാരിച്ചു. സഹകരണ യൂണിയൻ കോട്ടയം സർക്കിൾ ചെയർമാൻ കെ.എം. രാധാകൃഷ്ണൻ സ്വാഗതവും ജോയിൻ്റ് രജിസ്ട്രാർ (ജനറൽ) എൻ. അജിത് കുമാർ നന്ദിയും പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K