15 July, 2021 06:36:05 PM


നവകേരളത്തിലേക്കുള്ള കുതിപ്പിന് പശ്ചാത്തല സൗകര്യ വികസനം അനിവാര്യം - മുഖ്യമന്ത്രിഏറ്റുമാനൂര്‍: നവകേരളത്തിലേക്കുള്ള കുതിപ്പിന് പശ്ചാത്തല സൗകര്യ വികസനം അനിവാര്യമാണെന്നും ഇത് തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുജനങ്ങളുമായി ഏറെ അടുത്ത് ഇടപഴകുന്ന  പൊതുമരാമത്ത് വകുപ്പ് 'പൊതുജനങ്ങള്‍ കാഴ്ച്ചക്കാരല്ല, കാവല്‍ക്കാരാണ്' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. 


ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ എട്ട് റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഒട്ടേറെ നവീന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കഴിഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരും. പരാതി പരിഹാരത്തിനായി വകുപ്പില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ശ്രദ്ധേയമായ പുതിയ സംവിധാനങ്ങള്‍ ജനങ്ങളോടൊപ്പം സര്‍ക്കാരുണ്ട് എന്ന് ബോധ്യപ്പെടുത്താന്‍ ഉപകരിക്കുന്നവയാണ്.റോഡു നിര്‍മാണത്തിനുശേഷം വിവിധ ആവശ്യങ്ങള്‍ക്കായി വെട്ടിപ്പൊളിക്കുന്നതിലൂടെ മാത്രം  പ്രതിവര്‍ഷം മൂവായിരം കോടി രൂപയുടെ ബാധ്യതയുണ്ടാകുന്നു. വകുപ്പുകളുടെ ഏകോപനത്തിലുടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കും. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുന്നതിനുള്ള പ്രധാന പാതയായി ഗാന്ധിനഗര്‍- മെഡിക്കല്‍ കോളേജ് റോഡ് നാലു വരി പാതയാക്കുന്നതിലൂടെ കാല്‍ നൂറ്റാണ്ടുകാലത്തെ കാത്തിരിപ്പാണ് സഫലമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 


അതിരമ്പുഴ സെന്‍റ് മേരീസ് പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് കൂടുതല്‍ ജനകീയമായി മുന്നോട്ടു പോകുവാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന മേഖലയെ ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ലക്ഷ്യമിടുന്ന റീബില്‍ഡ് കേരള പദ്ധതി ശ്രദ്ധേയമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. മന്ത്രി വി.എന്‍. വാസവന്‍ ശുപാര്‍ശ ചെയ്തിട്ടുള്ള ഏറ്റുമാനൂര്‍ റവന്യൂ ടവര്‍ പദ്ധതി പരിഗണനയിലുണ്ടെന്നും നവോത്ഥാന നായകനായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സ്മാരകം യാഥാര്‍ത്ഥ്യമാക്കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.


സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ നിര്‍വഹണത്തിന്‍റെ വിവിധ ഘട്ടങ്ങളിലുള്ളവയും പുതിയതായി ഏറ്റെടുക്കേണ്ടവയും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേക ശില്‍പ്പശാല നടത്തി അടുത്ത അരനൂറ്റാണ്ടിലേക്കുള്ള വികസനവീക്ഷണം മുന്‍നിര്‍ത്തിയുള്ള വികസന അജന്‍ഡ രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 


ഗാന്ധിനഗര്‍ - മെഡിക്കല്‍ കോളേജ്, ബാബു ചാഴിക്കാടന്‍ റോഡ്, കുടയംപടി - പരിപ്പ്, അതിരമ്പുഴ - ലിസ്സി - കൈപ്പുഴ, മാന്നാനം - പുലിക്കുട്ടിശ്ശേരി, അതിരമ്പുഴ - കോട്ടമുറി, പാറോലിക്കല്‍ - അതിരമ്പുഴ റോഡുകളുടെ പുനരുദ്ധാരണത്തിനാണ് ഇന്നലെ തുടക്കം കുറിച്ചത്. 


ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിജു വലിയമല, റോസിലി ടോമിച്ചന്‍, സബിതാ പ്രേംജി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.വി. ബിന്ദു, ഹൈമി ബോബി, ഡോ.റോസമ്മ സോണി, ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, , കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.  ടി.കെ ജയകുമാര്‍, ഫാ. ജോസഫ് മുണ്ടകത്തില്‍, ഫാ. ജയിംസ് മുല്ലശ്ശേരി, കെ.എസ്.ടി.പി ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.Share this News Now:
  • Google+
Like(s): 2.6K