15 July, 2021 09:46:25 AM


നിയമസഭാ കയ്യാങ്കളി കേസ്; അപ്പീല്‍ പിന്‍വലിക്കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍



തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ തിരിച്ചടി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം. സുപ്രിംകോടതിയിലെ അപ്പീല്‍ പിന്‍വലിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ പരിഗണനയിലാണ്. മുതിര്‍ന്ന അഭിഭാഷകനുമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ ചര്‍ച്ച നടത്തി.


വിചാരണക്കിടെ എതിര്‍ പരാമര്‍ശമോ നടപടികളോ ഉണ്ടായാല്‍ അപ്പീല്‍ പിന്‍വലിക്കും. മുന്‍ധനമന്ത്രി കെ എം മാണിയെ സംബന്ധിച്ചോ കേസുമായി ബന്ധപ്പെട്ട ആറ് നേതാക്കളെ സംബന്ധിച്ചോ പരാമര്‍ശം ഉത്തരവില്‍ ഉണ്ടായാല്‍ അത് കീഴ്‌കോടതികളെ സ്വാധീനിക്കും. കേസ് പിന്‍വലിക്കാനും വിചാരണ നടപടിയില്‍ നിന്ന് ഒഴിവാക്കാന്‍ ആകില്ലെന്നും കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ സുപ്രിംകോടതി പറഞ്ഞിരുന്നു.


അതേസമയം സംസ്ഥാന സര്‍ക്കാരിന്റെയും, ആറ് ഇടത് നേതാക്കളുടെയും അപ്പീല്‍ സ്വീകരിക്കണമോ തള്ളണമോ എന്ന കാര്യത്തില്‍ സുപ്രിംകോടതി ഇന്ന് തീരുമാനമെടുത്തേക്കും. കേസ് പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറച്ചുനില്‍ക്കും. വിവാദത്തിലായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ തന്നെയാണ് സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത്.


സംസ്ഥാന സര്‍ക്കാരിന്റെയും ആറ് നേതാക്കളുടെയും അപ്പീലില്‍ അതിരൂക്ഷമായ വിമര്‍ശനമാണ് കഴിഞ്ഞ തവണ സുപ്രിംകോടതിയില്‍ നിന്നുണ്ടായത്. എംഎല്‍എമാരുടേത് മാപ്പര്‍ഹിക്കാത്ത പെരുമാറ്റമാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആഞ്ഞടിച്ചിരുന്നു. കേസില്‍ നോട്ടിസ് അയക്കാനും കോടതി തയാറായില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K