09 July, 2021 09:05:46 PM


സ്ത്രീധന നിരോധന നിയമം കര്‍ശനമാക്കാത്തത് എന്തുകൊണ്ട്?; സർക്കാരിനോട് ഹൈക്കോടതി



കൊച്ചി: സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് കര്‍ശനമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി. ‌സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കണമെന്ന വ്യവസ്ഥയിലും നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യത്തിലും കോടതി സര്‍ക്കാരിന്‍റെ നിലപാട് തേടി. സ്ത്രീധന പീഡന പരാതികൾ കൂടി വരുന്ന സാഹചര്യത്തിൽ നിയമം കർക്കശമാക്കണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂർ സ്വദേശിനിയും വിദ്യാഭ്യാസ വിദഗ്ദയുമായ ഡോക്ടർ ഇന്ദിര രാജൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. ഹർജിയിൽ കോടതി സർക്കാരിനോട് വിശദീകരണം തേടി.


സ്ത്രീധനത്തിന്റെ പേരിൽ ഇരയാക്കപ്പെട്ടവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്നും വിവാഹ സമയത്തോ അനുബന്ധമായോ നൽകുന്ന സമ്മാനങ്ങളടക്കം കണക്കാക്കി മാത്രമേ വിവാഹ രജിസ്ട്രേഷൻ നടത്താവൂ എന്ന്  രജിസ്ട്രാർമാർക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ പീഡനങ്ങൾക്ക് ഇരയായി മരിച്ച വിസ്മയയുടേതടക്കം പുറത്ത് വന്ന സാഹചര്യത്തിൽ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയർന്നത്. കേരളത്തിൽ സ്ത്രീധന-ഗാർഹിക പീഡനകേസുകളും വിവാഹ ശേഷമുള്ള പെൺകുട്ടികളുടെ ആത്മഹത്യയും വർധിക്കുന്ന സാഹചര്യത്തിലാണ് ഹർജിയിലെന്നും വ്യക്തമാക്കി.


സ്ത്രീധനത്തിനും ആര്‍ഭാട വിവാഹങ്ങള്‍ക്കും എതിരായ പ്രചാരണവുമായി സംസ്ഥാന വനിതാ കമ്മീഷനും രംഗത്തെത്തിയിരുന്നു. ഇതിന് മുന്നോടിയായി നിലവിലുള്ള സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച കമ്മീഷന്‍ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.


1961-ലെ സ്ത്രീധന നിരോധന ആക്റ്റ് വകുപ്പ് 3 ഉപവകുപ്പ് 2-ൽ വിവാഹ സമയത്ത് വധൂവരന്മാർക്ക് നല്‍കുന്ന സമ്മാനം സ്ത്രീധനമായി കരുതപ്പെടുന്നതല്ലെന്ന് പറയുന്നു. സമ്മാനം നല്‍കുന്നു എന്ന വ്യാജേന കേരളത്തിലെ വിവാഹങ്ങളില്‍ പരോക്ഷമായ സ്ത്രീധനക്കൈമാറ്റമാണ് നടക്കുന്നത്. അപ്രകാരം ഒരു വിവാഹം നടന്നാല്‍ സ്ത്രീധന നിരോധന ആക്റ്റ് പ്രകാരമുള്ള കുറ്റം ചുമത്തി കേസ് ചാര്‍ജ് ചെയ്യുന്നുമില്ല.


എന്നാല്‍, വിവാഹിതയായ സ്ത്രീയ്ക്ക് ജീവഹാനി സംഭവിച്ചതിനു ശേഷം മാത്രമാണ് ഈ വകുപ്പ് തന്നെ ചുമത്തുന്നുവെന്നതാണ് സാഹചര്യം ഇത്രയും ദുരന്തപൂര്‍ണമാക്കുന്നതും കൂടുതല്‍ പേരെ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പ്രേരിപ്പിക്കുന്നതുമെന്ന് കമ്മീഷന്‍ വിലയിരുത്തി.


1985-ലെ സ്ത്രീധന നിരോധനം (വധുവിനും വരനും ലഭിക്കുന്ന സമ്മാനങ്ങള്‍ അടങ്ങിയ പട്ടിക പരിപാലിക്കുന്ന) ചട്ടങ്ങള്‍, ചട്ടം 5 ആയി 'വിവാഹത്തിന് സമ്മാനം കിട്ടിയവയുടെ ലിസ്റ്റ് തയാറാക്കി വരന്റെയും വധുവിന്റെയും, കൂടാതെ അവര്‍ രണ്ടു പേരുടെയും മാതാപിതാക്കളുടെ/രക്ഷാകര്‍ത്താക്കളുടെ കൈയ്യൊപ്പോടെ ഒരു നോട്ടറിയുടെ മുമ്പാകെ സാക്ഷ്യപ്പെടുത്തി വിവാഹം രജിസ്റ്റര്‍ ചെയ്യുതിനുള്ള അപേക്ഷയോടൊപ്പം ഹാജരാക്കണം. ഇതു സംബന്ധിച്ച സത്യവാങ്മൂലം വധുവിന്റെ മാതാപിതാക്കള്‍/രക്ഷാകര്‍ത്താക്കള്‍ ബന്ധപ്പെട്ട സ്ത്രീധന നിരോധന ഓഫീസര്‍ക്ക് കൈമാറാവുതാണ്' എന്ന് ചേര്‍ക്കണമെന്ന് കമ്മീഷന്‍ നിയമഭേദഗതി സര്‍ക്കാരിന് ശിപാര്‍ശ ചെയ്തു.

വകുപ്പ് 4 എ പ്രകാരം സ്ത്രീധനം പ്രോത്സാഹിപ്പിക്കുന്നതരം പരസ്യങ്ങള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും വിവാഹവുമായി ബന്ധപ്പെട്ട് സ്വര്‍ണാഭരണങ്ങള്‍, സ്വര്‍ണക്കടകള്‍ എന്നിവയുടെ പരസ്യങ്ങള്‍ പത്ര-ദൃശ്യ മാധ്യമങ്ങളില്‍ വ്യാപകമാണ്. നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമുള്ള നടപടികള്‍ കൃത്യമായി സ്വീകരിക്കുന്നുമില്ല. വകുപ്പ് 8 ബി പ്രകാരം സ്ത്രീധന നിരോധന ഓഫീസര്‍മാര്‍, ഉപദേശക സമിതി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ശിപാര്‍ശ ചെയ്തു.


സാമൂഹ്യമാധ്യമങ്ങള്‍, പത്രങ്ങള്‍, എഫ്എം റേഡിയോ, ഫേസ്ബുക്ക് പേജ് എന്നിവയിലൂടെയുള്ള സമഗ്രമായ ദൃശ്യ-ശ്രാവ്യ പ്രചാരണമാണ് ലക്ഷ്യമിടുന്നത്. പൊതുജനങ്ങള്‍ക്ക് സ്ത്രീധനം, ആര്‍ഭാട വിവാഹം എന്നീ തിന്മകള്‍ക്കെതിരേ വനിതാ കമ്മീഷനോട് അണിചേരാന്‍ കമ്മിഷന്റെ ഫേസ്ബുക്ക് പേജില്‍ നിന്നുള്ള പോസ്റ്ററുകള്‍ അവരവരുടെ അക്കൗണ്ട് പോസ്റ്റ് ചെയ്ത് എന്‍ഡ് ഡൗറി, കേരള വിമെന്‍സ് കമ്മീഷന്‍ എന്നിങ്ങനെ ഹാഷ്ടാഗ് ചെയ്യാവുന്നതാണ്.


കമ്മീഷന്റെ കലാലയജ്യോതി പരിപാടിയിലൂടെ പ്രധാനമായും സ്ത്രീധന നിരോധന നിയമം, വിവാഹ നിയമങ്ങള്‍, ഗാര്‍ഹിക പീഡനത്തില്‍ നിന്നും സംരക്ഷണ നിയമം എന്നിവയലധിഷ്ഠിതമായ ബോധവത്കരണ പരിപാടികളാണ് നടന്നുവരുന്നത്. ഇതിനു പുറമേ വിവാഹ പൂര്‍വ കൗണ്‍സലിങ്ങും കമ്മീഷന്‍ സ്ത്രീകള്‍ക്കായി സംഘടിപ്പിച്ചുവരുന്നുണ്ട്. കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി ആയിരത്തോളം കലാലയ ജ്യോതി പരിപാടികളും നൂറോളം വിവാഹ പൂര്‍വ കൗണ്‍സലിങ്ങും  സംഘടിപ്പിച്ചതായി കമ്മീഷന്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K