09 July, 2021 08:56:18 PM


മോണിറ്ററിംഗ് സംവിധാനത്തിലൂടെ റവന്യൂ തല പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും - മന്ത്രി കെ.രാജന്‍

100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി കുറഞ്ഞത് 12000 പട്ടയങ്ങള്‍ വിതരണം ചെയ്യും



പാലക്കാട്: തുടര്‍ച്ചയായ മോണിറ്ററിംഗ് സംവിധാനത്തിലൂടെ റവന്യൂ തല പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് റവന്യൂവകുപ്പ് മന്ത്രി കെ.രാജന്‍. പാലക്കാട് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


മോണിറ്ററിംഗ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ  ഭാഗമായി റവന്യൂ സെക്രട്ടറിയേറ്റ് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. റവന്യൂ വകുപ്പ് മന്ത്രി അധ്യക്ഷനായി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടര്‍, ലാന്റ് റവന്യൂ കമ്മീഷണര്‍,  ഹൗസിംഗ് കമ്മീഷണര്‍ തുടങ്ങി എട്ട് പേരടങ്ങുന്ന സമിതിയാണ് റവന്യൂ സെക്രട്ടറിയേറ്റില്‍  ഉള്‍പ്പെടുന്നത്. സമിതിയില്‍ എല്ലാ ബുധനാഴ്ചയും  രാവിലെ പതിനൊന്നിന് റവന്യൂ സെക്രട്ടറി വകുപ്പിന്റെ  പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.  മോണിറ്ററിംഗിന്റെ ഭാഗമായി മാസത്തില്‍ ഒരു തവണ ജില്ലാ കളക്ടര്‍മാരുമായും  രണ്ടു മാസത്തിലൊരിക്കല്‍ മറ്റ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും.


സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കുറഞ്ഞത് 12,000 പട്ടയങ്ങള്‍ പ്രാഥമികമായി വിതരണം ചെയ്യും. കൂടാതെ നിലവിലുള്ള ഭൂരഹിതരുടെ പ്രശ്നങ്ങള്‍ കൃത്യമായി പരിഗണിക്കണമെന്നും മന്ത്രി റവന്യൂ ഉദ്യോഗസ്ഥരോട് പറഞ്ഞു. സമ്പൂര്‍ണ്ണ ഡിജിറ്റലൈസ് സര്‍വേ നടത്തി ഭൂമിയുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കും. കേരള ലാന്റ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1295 കേസുകള്‍ രണ്ടു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കും. ഭൂമിയില്ലാത്തവര്‍ക്ക് പട്ടയം നല്‍കുകയും അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കുകയും ചെയ്യും. മിച്ചഭൂമി അനധികൃതമായി കൈവശം വെച്ചതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍  ചെയ്യും. ഒപ്പം തന്നെ ഭൂവിതരണ നയം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


 ഭൂമി തരം മാറ്റുന്നതുമായി  ബന്ധപ്പെട്ട ഉത്തരവ്  ഭേദഗതി ചെയ്യുന്നത് പരിഗണിക്കണമെന്ന് ഒറ്റപ്പാലം സബ് കലക്ടര്‍ പറഞ്ഞു. തുടര്‍ന്ന് ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് വ്യക്തതയോടെയും കൃത്യതയോടെയുമുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന്  മന്ത്രി പറഞ്ഞു. കൂടാതെ അട്ടപ്പാടിയില്‍ 429 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള ഭൂമിയുടെ വനം വകുപ്പുമായുള്ള പ്രശ്നം പരിഹരിക്കാന്‍ ആവശ്യമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. 


എല്ലാ റവന്യുവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും റവന്യൂ വിദ്യാഭ്യാസം ഉറപ്പുവരുത്തും. സാധാരണജനങ്ങള്‍ക്ക് റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും റവന്യൂ സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിനും കോള്‍ സെന്ററുകള്‍ സജീവമാക്കുമെന്നും  അദ്ദേഹം പറഞ്ഞു. റവന്യൂ വകുപ്പ്, സര്‍വ്വേ, രജിസ്ട്രേഷന്‍ വകുപ്പുകള്‍ സംയുക്തമായി ഇ-സംവിധാനം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ ജില്ലാ കളക്ടര്‍ മൃണ്‍മയി  ജോഷി, ഒറ്റപ്പാലം സബ് കളക്ടര്‍ ശിഖാ സുരേന്ദ്രന്‍, പാലക്കാട് സബ് കളക്ടര്‍ ബല്‍പ്രീത്  സിംഗ്, അസിസ്റ്റന്റ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, എ.ഡി.എം കെ.മണികണ്ഠന്‍, മറ്റ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K