09 July, 2021 06:42:40 PM


കേരളം വിടുന്നുവെന്ന റിപ്പോർട്ട്; കിറ്റക്‌സ് ഓഹരി വിലയില്‍ വന്‍ വര്‍ധന



മുംബൈ: കേരളം വിട്ട് തെലങ്കാനയിൽ 3500 കോടി രൂപയുടെ നിക്ഷേപമിറക്കുമെന്ന വാർത്തകൾക്ക് പിന്നാലെ കിറ്റക്‌സിന്റെ ഓഹരി വിലയിൽ വൻ വർധന. മണിക്കൂറുകള്‍ കൊണ്ട് 19.97 ശതമാനം വർധനയാണ് കിറ്റക്‌സ് ഗാർമെന്റ്‌സിന്റെ ഓഹരിയിൽ ഉണ്ടായത്. വെള്ളിയാഴ്ച 117 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരി വില 140.85 വരെ ഉയരുകയായിരുന്നു. കഴിഞ്ഞ 52 ആഴ്ചയിലെ ഏറ്റവും വലിയ നിരക്കാണിത്. കേരളത്തിലെ നിക്ഷേപ പദ്ധതികള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് കിറ്റക്സ് ഓഹരി വില നേരത്തെ 110 രൂപയ്ക്ക് താഴെയെത്തിയിരുന്നു.

3500 കോടി രൂപയുടെ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി എംഡി സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം ഇപ്പോൾ ഹൈദരാബാദിലാണ് ഉള്ളത്. തെലങ്കാന സർക്കാർ അയച്ച സ്വകാര്യവിമാനത്തിലാണ് സാബുവും സംഘവും യാത്ര തിരിച്ചത്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് തെലങ്കാനയിലേക്ക് പോകുന്നതിന് മുൻപ് സാബു ജേക്കബ് പറഞ്ഞു. ഒരിക്കലും കേരളം വിട്ടു പോകണമെന്ന് ആഗ്രഹിച്ചിട്ടില്ല. തന്നെ മൃഗത്തെ പോലെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

'എത്രനാൾ ആട്ടും തുപ്പും സഹിച്ച് ഇവിടെ നിൽക്കാൻ സാധിക്കും. പതിനായിരങ്ങൾക്ക് ജോലി നൽകണമെന്നത് വലിയ സ്വപ്നമായിരുന്നു. ആട്ടിയോടിക്കുകയാണ് ഉണ്ടായത്. ഞാൻ സ്വന്തമായി പോകുന്നതല്ല. എന്നെ ആട്ടിയോടിക്കുകയായിരുന്നു. വലിയ വേദനയുണ്ട്. എനിക്ക് ഉണ്ടായ അനുഭവം മറ്റാർക്കും ഉണ്ടാവാൻ പാടില്ല. ജീവൻ പണയം വെച്ചും ബിസിനസ് ചെയ്യുന്നവർ എന്തു ചെയ്യും. ഇക്കാര്യങ്ങളെല്ലാം ചിന്തിക്കണം.'- അദ്ദേഹം കൂട്ടിച്ചേർത്തു.

'ഇത് മലയാളികളുടെ പ്രശ്നമാണ്. യുവതീയുവാക്കളുടെ പ്രശ്നമാണ്. മാറ്റം വന്നില്ലെങ്കിൽ വലിയൊരു ആപത്തിലേക്ക് പോകും. എനിക്ക് യാതൊരു പ്രശ്നവുമില്ല. 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതി ഉപേക്ഷിച്ചെന്നറിഞ്ഞ് ആരും തിരിഞ്ഞുനോക്കിയില്ല. സർക്കാരിന്റെ ഭാഗത്ത് നിന്നും ആരും വിളിച്ചില്ല. അതേസമയം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് നിക്ഷേപം ക്ഷണിച്ച് വിളി വന്നു. തെലങ്കാന സർക്കാർ സ്വകാര്യ ജെറ്റ് അയച്ചിരിക്കുകയാണ്. നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് തെലങ്കാന.'- സാബു എം ജേക്കബ് പറഞ്ഞു.

അതിനിടെ, കിറ്റക്‌സിനോട് സർക്കാറിന് പ്രതികാര മനോഭാവമില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് സംശയമുണ്ട്. സാബു ജേക്കബിന്റെ പ്രസ്താവന ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K