23 June, 2021 10:37:15 PM


വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി



ദില്ലി: സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം രാജ്യംവിട്ട വിവാദ വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. മൂന്ന് പേരില്‍ നിന്നും ആകെ 9371 കോടി രൂപയാണ് ഇഡി കണ്ടുകെട്ടി പൊതുമേഖലാ ബാങ്കുകളിലേക്ക് മാറ്റിയത്. മൂന്ന് വ്യവസായികളുടെയും 18,170.02 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയതെന്ന് ഇഡി ട്വീറ്റ് ചെയ്തു. ഇതിൽ 969 കോടിയുടെ സ്വത്ത് വിദേശ രാജ്യങ്ങളിലാണ്.

മല്യയും നീരവ് മോദിയും യുകെയിലും മെഹുൽ ചോക്സി ഡൊമിനിക്കയിലുമാണ് ഇപ്പോഴുള്ളത്. ഇവരെ തിരികെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ഇവർ മുങ്ങിയതോടെ പൊതുമേഖലാ ബാങ്കുകൾക്ക് ആകെ 22,585 കോടിയുടെ നഷ്ടമാണുണ്ടായത്. കണ്ടുകെട്ടിയ സ്വത്തുക്കൾ ബാങ്കുകളുടെ നഷ്ടത്തിന്റെ 80.45 ശതമാനത്തിന് തുല്യമാണ്.

മുതലും പലിശയുമായി ഇന്ത്യയിലെ ഏഴു പൊതുമേഖലാ ബാങ്കുകൾക്കും ഒരു സ്വകാര്യ ബാങ്കിനുമായി 12,500 കോടി രൂപയാണ് മല്യ നൽകാനുള്ളത്. മല്യയെ ലണ്ടനിൽ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിലാണ്. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് വ്യാജരേഖകൾ ചമച്ച് 14,000 കോടി രൂപയുടെ വായ്പയെടുത്ത് മുങ്ങിയ നീരവ് 2019 മാർച്ചിലാണ് ലണ്ടനിൽ അറസ്റ്റിലായത്. ‌‌‌നീരവും അമ്മാവൻ മെഹുൽ ചോക്സിയും ചേർന്നാണു തട്ടിപ്പ് നടത്തിയത്.

ലണ്ടനിലെ ജയിലിൽ കഴിയുന്ന വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്കു കൈമാറാൻ ബ്രിട്ടൻ അനുമതി നൽകിയിരുന്നു. 2018 മുതൽ താമസിച്ചിരുന്ന ആന്റിഗ്വയിൽനിന്നു ക്യൂബയിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണു ചോക്സി കഴിഞ്ഞ ദിവസം ഡൊമിനിക്കയിൽ പിടിയിലായത്. ഇപ്പോൾ അവിടെ ജയിലിൽ കഴിയുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K