26 May, 2021 02:16:51 PM


'പൊലീസാണ് വൈറസ്': ഇറച്ചി വാങ്ങാൻ പോയ യുവാവിന് മർദ്ദനം; കുറിപ്പ് വൈറലാവുന്നു



മലപ്പുറം: ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരുന്ന മലപ്പുറത്ത് അവശ്യസാധനങ്ങള്‍ വാങ്ങാനിറങ്ങുന്നവര്‍ക്ക് നേരെയും പൊലീസ് മര്‍ദനം. കൃത്യമായ രേഖകളുണ്ടായിട്ടും പൊലീസ് മര്‍ദിക്കുന്നുവെന്ന് പരാതിപ്പെട്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി മുഹമ്മദ് ഫൈസല്‍ എന്ന യുവാവും കഴി‍ഞ്ഞദിവസം പൊലീസ് തന്നെ അകാരണമായി മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി രം​ഗത്തുവന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പും ചര്‍ച്ചയാകുകയാണ്.


'പൊലീസാണ് വൈറസ്' എന്ന തലക്കെട്ടിലാണ് മുഹമ്മദ് ഫൈസല്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മാംസം വാങ്ങി വീട്ടിലേക്ക് വരികയായിരുന്ന ഫൈസലിനെ തടഞ്ഞുനിര്‍ത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം വാഹനം മുന്നോട്ടെടുത്തപ്പോള്‍ പുറത്ത് ലാത്തി കൊണ്ട് മര്‍ദിച്ചുവെന്നാണ് പോസ്റ്റില്‍ പറയുന്നത്. മര്‍ദിനമേറ്റതിന്റെ ചിത്രവും അദ്ദേഹം കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.


കുറിപ്പിന്റെ പൂര്‍ണരൂപം


'പൊലീസാണ് വൈറസ്

രാവിലെ ഇറച്ചി വാങ്ങാമെന്ന് കരുതി പ്രധാന അങ്ങാടിയായ കൂട്ടിലങ്ങാടിയില്‍ പോയിരുന്നു. ഒരാഴ്ച മുമ്ബും ഇതേ ആവശ്യത്തിന് പോയിരുന്നു. ഇടക്കിടെ പോവാതിരിക്കാന്‍ കുറച്ചധികം ഇറച്ചി വാങ്ങാറാണ് പതിവ്.

അങ്ങാടിയിലെത്തുമ്ബോള്‍ തന്നെ പൊലീസ് അവിടെയുണ്ട്. തിരിച്ചു പോകാന്‍ രണ്ടുവഴിയുണ്ട്. എപ്പോഴും പോകുന്ന വഴിയില്‍ പൊലീസ് വാഹനം നിര്‍ത്തിയിട്ടുണ്ട്. ആ വഴിക്കുതന്നെ പോകാമെന്നു വച്ചു. ഭയം തോന്നിയില്ല. കയ്യില്‍ ഇറച്ചിയുണ്ട്, വേണ്ട എല്ലാ രേഖയും കരുതിയിട്ടുമുണ്ട്. ലാത്തി നീട്ടിപ്പിടിച്ച്‌ ബൈക്ക് നിര്‍ത്തിക്കുമ്ബോള്‍ നിയമ സംവിധാനങ്ങളോടുള്ള എല്ലാ അനുസരണയോടും കൂടെയാണ് ഞാന്‍ വണ്ടിയൊതുക്കിയത്.

ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടിയും ഇറച്ചിയും കാണിച്ചപ്പോള്‍ എന്നാല്‍ വേഗം വിട്ടോ എന്നു അയാള്‍ പറഞ്ഞതും ഞാന്‍ വണ്ടിയെടുത്തതും പുറത്തിനു താഴെ അടി വീണതും ഒരുമിച്ചായിരുന്നു.. പൊലീസിന്റെ ലാത്തി ജീവിതത്തില്‍ ആദ്യമായി എന്നെ തൊട്ടു എന്നറിഞ്ഞു. നിരാശയും സങ്കടവും ദേഷ്യവും ഭയവുമെല്ലാം ഒരുമിച്ചു വന്ന നേരം. വണ്ടി നിര്‍ത്താനോ എന്തിനായിരുന്നെന്ന് ചോദിക്കാനോ തോന്നിയില്ല. ലാത്തിക്കും അയാള്‍ക്കും വേണ്ടത് നിയമമല്ല, ഇരയെയാണ്. വാണിയമ്ബലത്തെ മര്‍ദനവും മനസ്സിലേക്ക് വന്നു.

കേവലം ഒരു ഹെല്‍മെറ്റ് വെക്കാത്തതിനു പോലും എനിക്ക് പൊലീസുകാര്‍ക്ക് മുന്നില്‍ ഇതുവരെ തല താഴ്ത്തേണ്ടി വന്നിട്ടില്ല. ലാത്തിയുടെ ചൂട് പോയിട്ട് ഒരു ശകാരം പോലും കാക്കിയിട്ടവരില്‍ നിന്ന് കേള്‍ക്കേണ്ടി വന്നിട്ടില്ല.. ഊട്ടിയും വയനാടും മൂന്നാറും കേറുന്ന, കുറഞ്ഞ കാലം കൊണ്ട് മീറ്റര്‍ ബോര്‍ഡില്‍ 80,000 km കടന്ന ബൈക്ക് കുറേ ദിവസങ്ങളായി വെറുതെ കിടപ്പാണ്..

ലോക് ഡൗണിനെ എങ്ങനെ സമീപിക്കുന്നുവെന്ന് ചോദിച്ചാല്‍ അത്യാവശ്യം പ്രാദേശിക പൊതുപ്രവര്‍ത്തന സ്വഭാവമുണ്ടായിട്ടും രണ്ടു പലചരക്കു കടകളും പള്ളിയും മദ്രസയും മാത്രമുളള എന്റെ ഗ്രാമത്തിലെ അങ്ങാടിയിലേക്ക് പോലും ഇത്രയും ദിവസത്തിനുള്ളില്‍ ഞാനിറങ്ങിയത് രണ്ടു തവണ മാത്രമാണ്. അതു തന്നെ ഭക്ഷ്യ സാധനങ്ങള്‍ വാങ്ങാന്‍. പിന്നെ ചില കോവിഡ് രോഗികളുടെ വീടും സന്ദര്‍ശിച്ചു. മഴക്കെടുതി വിലയിരുത്തി വാര്‍ഡു മുതല്‍ മുകളിലേക്കുള്ള ജനപ്രതിനിധികളോട് കാര്യങ്ങള്‍ അറിയിച്ചു. ഇതെല്ലാം എന്റെ തൊട്ടടുത്ത സ്ഥലങ്ങളില്‍.

അല്ലെങ്കിലും എനിക്കിത് കിട്ടണം, വീട്ടിലേക്ക് പാല്‍ വാങ്ങാന്‍ കുറച്ചപ്പുറത്ത് ബൈക്കില്‍ പോകുമ്ബോള്‍ പോലും 'പാല്‍ വാങ്ങാന്‍ ഇന്ന നമ്ബര്‍ വാഹനത്തില്‍...' എന്നു തുടങ്ങി സത്യവാങ്മൂലമെഴുതുന്ന എനിക്കിത് കിട്ടണം..
പൊലീസിനെ സംബന്ധിച്ച്‌ മാരക മര്‍ദനമെന്നുമല്ലായിരിക്കാം, പഠിച്ച വിദ്യാലയങ്ങളില്‍ നിന്ന് പോലും വലിയ അടിയൊന്നും വാങ്ങി ശീലമില്ലാത്തതിനാല്‍ ലാത്തിയമര്‍ന്ന് രാവിലെ തണര്‍ത്ത ഭാഗം ഇപ്പോള്‍ ചുവന്നിട്ടുണ്ട്. നാളെയത് നീല നിറമാകും , മറ്റെന്നാള്‍ കറുപ്പും. കുറച്ചു ദിവസം കമിഴ്ന്ന് കിടക്കേണ്ടി വരും, കുറച്ചു ദിവസങ്ങള്‍ കഴിയുമ്ബോള്‍ അടയാളങ്ങള്‍ ഇല്ലാതെയാകും.
എന്നാല്‍ മനസില്‍ നിന്നില്ലാതാകില്ലല്ലോ. നിയമം പരമാവധി പാലിക്കണമെന്ന് കരുതിയവന് നിയമപാലകരില്‍ നിന്ന് ലഭിച്ച അനീതിയുടെ അടയാളമാണത്. അതവിടെയുണ്ടാകും. എന്നാലും ഒരുറപ്പുണ്ട്, അത് ഇരയുടെ ഉറപ്പാണ്, പടച്ചവന്റെ ഉറപ്പ്, അന്യായമായിരുന്നെങ്കില്‍ നീയൊക്കെ അനുഭവിച്ചേ പോകൂ...'



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K