16 May, 2021 12:56:33 PM


ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിച്ച് കോവിഡ് രോഗി: വീട് വിട്ടു നിരത്തിലിറങ്ങിയ രോഗിക്കെതിരെ കേസ്



കല്പറ്റ: ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിച്ച് കോവിഡ് രോഗി. വീട് വിട്ടു നിരത്തിലിറങ്ങിയ രോഗിക്കെതിരെ കേസ് എടുത്ത് പോലീസ്. വയനാട് ജില്ലയിലെ പനമരത്താണ് സംഭവം. കോവിഡ് സ്ഥിരീകരിച്ചിട്ടും പൊതുനിരത്തിൽ ഇറങ്ങി ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കുകയായിരുന്ന കേണിച്ചിറ താഴെമുണ്ട സ്വദേശിക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്.

കോവിഡ് പോസിറ്റീവ് ആയവർ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് താഴെമുണ്ട സ്വദേശിയുടെ വീട്ടിലെത്തിയത്. എന്നാൽ, പരിശോധനയിൽ ഇയാൾ വീട്ടിൽ ഇല്ലെന്ന് മനസിലായി. ബന്ധുക്കളോട് ഇയാൾ എവിടെയെന്ന് അന്വേഷിച്ചപ്പോൾ പരസ്പരവിരുദ്ധമായ മറുപടിയാണ് ബന്ധുക്കളിൽ നിന്ന് ലഭിച്ചത്.

തുടർന്ന് പൊലീസ് രോഗിയെ ഫോണിൽ ബന്ധപ്പെട്ടു. അപ്പോൾ കോവിഡ് പരിശോധനയ്ക്കായി പുറത്തു പോയിരിക്കുകയാണെന്ന് ആയിരുന്നു മറുപടി. സംശയം തോന്നി പൊലീസ് നടത്തിയ തിരച്ചിലിലാണ് പൊതു നിരത്തിൽ കാറിൽ ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കുന്ന ഇയാളെ കണ്ടെത്തിയത്. ലോക്ക്ഡൗൺ ലംഘിച്ചത് ഉൾപ്പെടെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ഇയാൾക്ക് എതിരെ പൊലീസ് കേസെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K