14 May, 2021 08:31:12 PM


കൊവിഡ് ബാധിതര്‍ രണ്ട് ദിവസം കഴിഞ്ഞത് താറാവ് ഷെഡ്ഡില്‍: സംഭവം പത്തനംതിട്ട നിരണത്ത്



തിരുവല്ല: നിരണത്ത് കൊവിഡ് ബാധിതര്‍ രണ്ട് ദിവസം കഴിഞ്ഞത് താറാവ് ഷെഡ്ഡില്‍. നിരണം പഞ്ചായത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായ മേഖലയായ പാപ്പാത്ര അംബേദ്കര്‍ കോളനിയിലാണ് സംഭവം. ബുധനാഴ്ച രോഗം സ്ഥിരീകരിച്ച 60ഉം 52ഉം വയസ്സുള്ള പുരുഷന്മാര്‍ രണ്ട് ദിവസം കഴിച്ചുകൂട്ടിയത് താറാവുകള്‍ക്ക് കാവലിരിക്കുന്ന ഓലപ്പുരയില്‍ ആണ്. ക്വാറന്റീന്‍ സൗകര്യമില്ലാത്ത വീടുകളില്‍ കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെ ഉള്ളതിനാല്‍ രോഗ പകര്‍ച്ച ഭയന്നാണിവര്‍ ഷെഡിലേക്ക് മാറിയത്. മഴ കനത്തതോടെ വീടിനോട് ചേര്‍ന്ന താത്കാലിക മുറിയില്‍ താമസമാക്കി.


സംഭവം വാര്‍ത്തയായതോടെ ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും ഇടപെട്ടു. ഉച്ചയോടെ ഇരുവരെയും ചരല്‍ക്കുന്നിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. നിരണം പഞ്ചായത്തില്‍ കെയര്‍ സെന്റര്‍ ആരംഭിച്ചിട്ടില്ലെന്നും ജാഗ്രതാ സമിതി പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്. പാപാത്ര കോളനി ഉള്‍പ്പെടുന്ന വാര്‍ഡിലെ പഞ്ചായത്തംഗവും പോസിറ്റീവ് ആണ്. രണ്ടാം തരംഗത്തില്‍ മാത്രം പ്രദേശത്ത് നാല് പേര്‍ മരിച്ചു. സ്ഥിതിഗതികള്‍ രൂക്ഷമാകുമ്പോഴും പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും നിസംഗത തുടരുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K