12 May, 2021 07:16:09 PM


തിരുവല്ലയില്‍ 102 കിടക്കകളോടെ സിഎഫ്എല്‍ടിസിയും കണ്‍ട്രോള്‍ റൂമും തുറന്നു



തിരുവല്ല: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കോവിഡ് കണ്‍ട്രോള്‍ റൂം, ഹെല്‍പ് ഡെസ്‌ക്, ആംബുലന്‍സ് സര്‍വീസ് എന്നിവയുടെ പ്രവര്‍ത്തനം തിരുവല്ല നഗരസഭയില്‍ ആരംഭിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ ഫിലിപ്പ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയകുമാര്‍ കോവിഡ് വാര്‍ റൂം, ഹെല്പ് ഡെസ്‌ക് ,ആംബുലന്‍സ് സര്‍വീസ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.


കോവിഡ് പ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എല്ലാ പ്രവത്തനങ്ങളും നഗരസഭാ കോര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദിവസവും അവലോകനം ചെയ്തു വരുന്നു. കോവിഡ് വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ അറിയുന്നതിനും വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക്കിന്റെ സേവനം ജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.


ആശാ പ്രവര്‍ത്തകരുടെ സേവനം, വയോജനങ്ങള്‍ക്ക് വേണ്ടിയുള്ള മരുന്ന്, ടെലി മെഡിസിന്‍,  ചികിത്സ, പാലിയേറ്റീവ് പരിചരണം, വാക്സിനേഷന്‍ വിവരങ്ങള്‍, കോവിഡ് ടെസ്റ്റിംഗ് വിവരങ്ങള്‍, അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന്‍, ആംബുലന്‍സ് സേവനം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിനും ഹെല്‍പ്ഡെസ്‌കിന്റെ 0469 2701315, 2638206 എന്നീ നമ്പറുകളിലേയ്ക്ക് വിളിക്കാം. 


ലോക്ക് ഡൗണ്‍ കാരണം ഭക്ഷണത്തിനു ബുദ്ധിമുട്ടുന്ന അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും  ഭക്ഷണം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ  നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു ജനകീയ ഹോട്ടല്‍ മുഖാന്തിരം ഭക്ഷണം നല്‍കി വരുന്നു. ബിലീവിയേഴ്‌സ് ചര്‍ച് ഹോസ്പിറ്റലുമായി സഹകരിച്ചാണ് ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചിട്ടുള്ളത്.  ആര്‍.ഡി.ഒ:പി സുരേഷ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹരിലാല്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് നടന്ന അവലോകന യോഗത്തില്‍ മല്‍സ്യ മാര്‍ക്കറ്റ്, പച്ചക്കറി മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിയന്ത്രണം വരുത്തുന്നതിനും ആവശ്യമായ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. 


102 കിടക്കകളുമായി സിഎഫ്എല്‍ടിസി


കോവിഡ് രോഗികള്‍ക്ക് ആവശ്യമായ പരിചരണം ഉറപ്പാക്കുന്നതിന് വേണ്ടി നഗരസഭയുടെ നേതൃത്വത്തില്‍ 102 കിടക്കളുടെ സൗകര്യത്തോടെ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം (സിഎഫ്എല്‍ടിസി) മാര്‍ത്തോമ്മാ കോളേജ് പഴയ ലേഡീസ് ഹോസ്റ്റലില്‍ മാത്യു ടി തോമസ് എം.എല്‍.എ  ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചു.  നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയകുമാര്‍ അധ്യക്ഷത വഹിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K