11 May, 2021 07:01:18 PM


തിരക്കഥാലോകത്തെ 'രാജാവിന്‍റെ മകന്‍' ഡെന്നീസ് ജോസഫ് ഇനി ഓര്‍മ്മയില്‍ഏറ്റുമാനൂര്‍: തിരക്കഥാലോകത്തെ രാജാവിന്‍റെ മകന്‍ ഇനി ഓര്‍മ്മ. കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ തിരക്കഥാകൃത്തും സംവിധായകനും പത്രപ്രവര്‍ത്തകനുമായ ഡെന്നീസ് ജോസഫിന്‍റെ മൃതദേഹം ഇന്നലെ ഔദ്യോഗിക ബഹുമതികളോടുകൂടി ഏറ്റുമാനൂര്‍ ചെറുവാണ്ടൂരിലുള്ള സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു. പൂര്‍ണ്ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു സംസ്കാരചടങ്ങുകള്‍ നടന്നത്.ലോക്ഡൌണ്‍ നിലനില്‍ക്കുന്നതിനാല്‍ സിനിമാരംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ പലര്‍ക്കും സംസ്കാരചടങ്ങുകളിള്‍ പങ്കെടുക്കാനായില്ല. എങ്കിലും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.എന്‍.വാസവന്‍, മോന്‍സ് ജോസഫ്, മുന്‍ എംഎല്‍എ മാരായ കെ.സുരേഷ്കുറുപ്പ്, സ്റ്റീഫന്‍ ജോര്‍ജ് തുടങ്ങിയവര്‍ വസതിയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും വേണ്ടി അന്തിമോപചാരമര്‍പ്പിച്ച്  കോട്ടയം തഹസില്‍ദാര്‍ എസ്.രാജശേഖരന്‍ റീത്ത് സമര്‍പ്പിച്ചു. ഇന്നലെ രാവിലെ 10ന് തെള്ളകം കാരിത്താസ് ആശുപത്രിയില്‍ നിന്നും മൃതദേഹം വീട്ടിലെത്തിച്ചു. മൂന്ന് മണിയോടെ വസിതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം പള്ളിയിലേക്ക് നടന്ന വിലാപയാത്രയില്‍ ബന്ധുക്കളും വളരെ അടുത്തവരും മാത്രമാണ് പങ്കെടുത്തത്. 4.30ന് പോലീസിന്‍റെ ഗാര്‍ഡ് ഓഫ് ഓര്‍ണറോടുകൂടിയാണ് സംസ്കാരചടങ്ങുകള്‍ നടന്നത്.തിങ്കളാഴ്ച വൈകിട്ട് ഏഴരമണിയോടെ ഏറ്റുമാനൂര്‍ നേതാജിനഗറിലുള്ള സ്വവസതിയായ പന്നിവേലില്‍ വീട്ടില്‍ കുഴഞ്ഞുവീണ ഡെന്നീസ് ജോസഫിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇന്നലെ കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബര്‍ 20ന് എം എൻ ജോസഫിന്‍റെയും ഏലിയാമ്മ ജോസഫിന്‍റെയും മകനായി ജനിച്ച ഡെന്നീസ് ജോസഫ് ഏറ്റുമാനൂര്‍ സര്‍ക്കാര്‍ ഹൈസ്കൂളിലും കുറവിലങ്ങാട് ദേവമാതാ കോളേജിൽ നിന്നുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് ഫാര്‍മസിയിൽ ഡിപ്ലോമയും കരസ്ഥമാക്കി. തുടർന്ന്​ കട്ട്​ കട്ട്​ എന്ന സിനിമ വാരികയുടെ സബ്​ എഡിറ്റർ ആയിട്ടാണ്​ തന്‍റെ കരിയർ ആരംഭിക്കുന്നത്​. 1985ൽ ജേസി സംവിധാനം ചെയ്​ത മമ്മൂട്ടി ചിത്രമായ 'ഈറൻസന്ധ്യ'യുടെ കഥ എഴുതിയാണ്​ മലയാള സിനിമയിലേക്ക്​ കടന്നുവരുന്നത്​. പിന്നീട് തിരക്കഥ രചനയിലേക്ക് കടന്ന അദ്ദേഹം തൊട്ടതെല്ലാം പൊന്നായി. 80കളിലെയും 90കളിലെയും നിരവധി ഹിറ്റ്​സിനിമകൾക്ക് തിരക്കഥയെഴുതി. നിറക്കൂട്ട്, രാജാവിന്‍റെ മകൻ, ന്യൂഡൽഹി, മനു അങ്കിൾ, നമ്പർ 20 മദ്രാസ് മെയിൽ, കോട്ടയം കുഞ്ഞച്ചൻ, ആകാശദൂത് എന്നിങ്ങനെ തീയേറ്ററുകളെ ഇളക്കിമറിച്ചതുള്‍പ്പെടെ 47 ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കി. അഗ്രജൻ, തുടർക്കഥ, അപ്പു, അഥർവ്വം, മനു അങ്കിൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ആദ്യമായി സംവിധാനം ചെയ്ത മനു അങ്കിൾ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. സിദ്ധിയാണ് ആദ്യ ചെറുകഥ. 


2013ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയാണ് അദ്ദേഹം അവസാനമായി തിരക്കഥയെഴുതിയ ചിത്രം. പിന്നീട്, അദ്ദേഹം സജീവ സിനിമാ രംഗത്തുനിന്നും പിന്മാറിയിരുന്നു. നടന്‍ ജോസ് പ്രകാശിന്‍റെ മരുമകനാണ്. ഭാര്യ ലീന, മക്കള്‍ എലിസബത്ത്, റോസി, ജോസ്. 
Share this News Now:
  • Google+
Like(s): 5.5K