10 May, 2021 09:21:38 PM


പ്രമുഖതിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു



ഏറ്റുമാനൂര്‍: പ്രമുഖതിരക്കഥാകൃത്തും സംവിധായകനും പത്രപ്രവര്‍ത്തകനുമായ ഡെന്നീസ് ജോസഫ് (63) അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണി കഴിഞ്ഞ് ഏറ്റുമാനൂര്‍ പേരൂര്‍ റോഡില്‍ നേതാജിനഗറിലെ സ്വവസതിയായ പന്നിവേലില്‍ വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണമടഞ്ഞിരുന്നു.


കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം എൻ ജോസഫിന്‍റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജിൽ നിന്നും ബിരുദവും നേടി. പിന്നീട് ഫാർമസിയിൽ ഡിപ്ലോമയും കരസ്ഥമാക്കി. 


തുടർന്ന്​ കട്ട്​ കട്ട്​ എന്ന സിനിമ വാരികയുടെ സബ്​ എഡിറ്റർ ആയിട്ടാണ്​ തന്‍റെ കരിയർ ആരംഭിക്കുന്നത്​. 1985ൽ ജേസി സംവിധാനം ചെയ്​ത മമ്മൂട്ടി ചിത്രമായ 'ഈറൻസന്ധ്യ'യുടെ കഥ എഴുതിയാണ്​ മലയാള സിനിമയിലേക്ക്​ കടന്നുവരുന്നത്​. പിന്നീട് തിരക്കഥ രചനയിലേക്ക് കടന്ന അദ്ദേഹം തൊട്ടതെല്ലാം പൊന്നായി. 80കളിലെയും 90കളിലെയും നിരവധി ഹിറ്റ്​സിനിമകൾക്ക് തിരക്കഥയെഴുതി. മനു അങ്കിൾ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. സിദ്ധിയാണ് ആദ്യ ചെറുകഥ. 


മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. നിറക്കൂട്ട്, രാജാവിന്‍റെ മകൻ, ന്യൂഡൽഹി, മനു അങ്കിൾ, നമ്പർ 20 മദ്രാസ് മെയിൽ, കോട്ടയം കുഞ്ഞച്ചൻ, ആകാശദൂത് എന്നിങ്ങനെ തീയേറ്ററുകളെ ഇളക്കിമറിച്ചതുള്‍പ്പെടെ 47 ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കി. അഗ്രജൻ, തുടർക്കഥ, അപ്പു, അഥർവ്വം, മനു അങ്കിൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ആദ്യമായി സംവിധാനം ചെയ്ത മനു അങ്കിൾ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി.


സംവിധായകൻ ജോഷിയുമായി ചേർന്ന് മികച്ച ഒരുപിടി നല്ല ചിത്രങ്ങൾ മലയാള പ്രേക്ഷകർക്ക് നൽകി ഇദ്ദേഹം. 2013ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയാണ് അദ്ദേഹം അവസാനമായി തിരക്കഥയെഴുതിയ ചിത്രം. പിന്നീട്, അദ്ദേഹം സജീവ സിനിമാ രംഗത്തുനിന്നും പിന്മാറിയിരുന്നു. നടന്‍ ജോസ് പ്രകാശിന്‍റെ മരുമകനാണ് ഇദ്ദേഹം. ഭാര്യ ലീന, മക്കള്‍ എലിസബത്ത്, റോസി, ജോസ്. സംസ്കാരം പിന്നീട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K