05 April, 2021 09:54:52 PM


നാളെ കേരളം പോളിംഗ് ബൂത്തിലേക്ക്; വിവിപാറ്റില്‍ വോട്ട് ചെയ്യുന്നതിങ്ങനെ



പാലക്കാട്: നാളെ കേരളം പോളിംഗ് ബൂത്തിലേക്ക്. തീ പാറുന്ന മത്സരമാണ് പലയിടത്തും നടക്കുന്നത്. ഇതിനിടെ വോട്ടുകള്‍ പിഴയ്ക്കാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ നിര്‍ദ്ദേശിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി. വോട്ടര്‍മാര്‍ക്ക് തങ്ങള്‍ ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്ക് തന്നെയാണ് വോട്ട് ലഭിച്ചതെന്ന് ഉറപ്പാക്കുന്ന വിവിപാറ്റ് എന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍റെ ഉപയോഗമാണ് ഇതില്‍ പ്രധാനം.


ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്‍റെ ഒരു ഭാഗമാണ് വിവിപാറ്റ് അഥവാ വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍. കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും ഉള്‍പ്പെട്ടതാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍. ഈ രണ്ടു യൂണിറ്റുമായി വിവിപാറ്റ് ബന്ധിപ്പിച്ചിട്ടുണ്ടാവും.


#  വോട്ടര്‍ ബൂത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് പോളിങ് ഉദ്യോഗസ്ഥന്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ബാലറ്റ് ബട്ടണ്‍ അമര്‍ത്തി ബാലറ്റ് യൂണിറ്റ് പ്രവര്‍ത്തനക്ഷമമാക്കും.


#  ബാലറ്റ് യൂണിറ്റില്‍ വോട്ടര്‍ വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും ഫോട്ടോയും ഉണ്ടായിരിക്കും.


#  വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിന് നേരെയുള്ള ചിഹ്നത്തിന്റെ നേര്‍ക്കുള്ള നീല ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ചുവന്ന ലൈറ്റ് തെളിയും.


#  തുടര്‍ന്ന് വോട്ട് രേഖപ്പെടുത്തിയ സ്ഥാനാര്‍ഥിയുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ ഏഴു സെക്കന്റ് നേരം വിവിപാറ്റിലെ ഡിസ്പ്ലേ യൂണിറ്റില്‍ തെളിഞ്ഞു കാണാം.


#  അതിനുശേഷം അവയുടെ പ്രിന്റ് താഴെയുള്ള സുരക്ഷാ അറയിലേക്ക് വീഴുകയും അവിടെ സൂക്ഷിക്കപ്പെടുകയും ചെയ്യും. ഇതിനൊപ്പം ബീപ്പ് ശബ്ദം കേള്‍ക്കുന്നതോടെ വോട്ടിംഗ് പൂര്‍ത്തിയാവും.


#  രേഖപ്പെടുത്തുന്ന ഓരോ വോട്ടും പേപ്പര്‍ രൂപത്തില്‍ വിവിപാറ്റിനുള്ളില്‍ സൂക്ഷിക്കപ്പെടും. പിന്നീട് വോട്ടിംഗ്  സംബന്ധിച്ച തര്‍ക്കം ഉണ്ടാവുകയാണെങ്കില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താതെ വിവിപാറ്റിനുള്ളില്‍ സൂക്ഷിച്ചിട്ടുള്ള പേപ്പര്‍ വോട്ടുകള്‍ എണ്ണി സംശയങ്ങള്‍ ദൂരീകരിക്കാവുന്നതാണ്.


#  ആര്‍ക്കും വോട്ട് ചെയ്യാന്‍ താത്പര്യമില്ലെങ്കില്‍ ബാലറ്റ് യൂണിറ്റില്‍ അവസാനമായി രേഖപ്പെടുത്തിയിരിക്കുന്ന നോട്ട (NOTA) എന്ന ബട്ടണ്‍ അമര്‍ത്തി  വോട്ടര്‍ക്ക്  വോട്ടിംഗ് അവസാനിപ്പിക്കാം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K