10 March, 2021 04:56:44 PM


മുസ്‌ലിംലീഗിന്‍റെ മുൻ പഞ്ചായത്ത് പ്രസിഡന്‍റ് വണ്ടൂരിൽ സിപിഎം സ്ഥാനാർത്ഥി



മലപ്പുറം: യുഡിഎഫ് കോട്ടയായ വണ്ടൂരിൽ സിപിഎമ്മിനു വേണ്ടി മത്സരരംഗത്തിറങ്ങുന്നത് മുസ്‌ലിംലീഗ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പി. മിഥുന. പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു ഇവര്‍. 2015ൽ കേരളത്തിലെ പ്രായം കുറഞ്ഞ പ്രസിഡണ്ട് എന്ന ഖ്യാതിയായിരുന്നു മിഥുന അധികാരമേറ്റത്. അന്ന് ഇവർക്ക് 22 വയസ്സായിരുന്നു.


പിന്നീട് ഇടതുപക്ഷ യുവജന സംഘടനകളുടെ പരിപാടികളിൽ പങ്കെടുത്തതോടെ മിഥുന ലീഗിന്റെ കണ്ണിലെ കരടായി. മന്ത്രി ജലീൽ പങ്കെടുത്ത കുടിവെള്ള ഉദ്ഘാടനച്ചടങ്ങിൽ ലീഗിന്റെ വിലക്ക് ലംഘിച്ച് ഇവർ പങ്കെടുത്തതോടെ പ്രശ്‌നങ്ങൾ രൂക്ഷമായി. പിന്നാലെ ലീഗ് മിഥുനയെ സസ്‌പെൻഡ് ചെയ്തു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഹാളിന് ഇഎംഎസിന്റെ പേര് നൽകിയും അവർ വാർത്തകളിൽ ഇടംപിടിച്ചു.


പഞ്ചായത്തിലെ 22 സീറ്റിൽ 12 സീറ്റാണ് യുഡിഎഫിനുണ്ടായിരുന്നത്. പത്ത് സീറ്റിൽ എൽഡിഎഫും. പ്രസിഡണ്ട് സ്ഥാനം പട്ടികജാതി വനിതാ സംവരണമായിരുന്നു. മുസ്‌ലിംലീഗ് ടിക്കറ്റിൽ കോഴിപ്പുറം വാർഡിൽ നിന്ന് ജയിച്ചാണ് മിഥുന പ്രസിഡണ്ടായത്. അധികാരത്തിൽ രണ്ടു വർഷം കഴിഞ്ഞതോടെയാണ് മിഥുന ഇടതുപക്ഷത്തോട് അനുഭാവം കാണിച്ചത്. പ്രസിഡന്റ് ഇടതുപക്ഷത്തോടൊപ്പംനിന്ന് പ്രവർത്തിക്കാൻ തുടങ്ങിയതോടെ ഭരണസമിതിയിൽ ഇരുപക്ഷത്തും 11 വീതം അംഗബലം എന്ന അസാധാരണ സാഹചര്യമുണ്ടായി. കാസ്റ്റിങ് വോട്ടുപയോഗിച്ച് മിഥുന പലപ്പോഴും ഇടതുപക്ഷ നീക്കങ്ങളെ വിജയിപ്പിച്ചത് ലീഗിനും യു.ഡി.എഫിനും വെല്ലുവിളിയുയര്‍ത്തി.


സിപിഎം പട്ടികയിലെ പ്രായം കുറഞ്ഞ സ്ഥാനാർത്ഥികളിൽ ഒരാൾ കൂടിയാണ് മിഥുന. ജെയ്ക് സി തോമസ്, സച്ചിൻ ദേവ്, ലിന്റോ ജോസ് എന്നിവരാണ് സ്ഥാനാർത്ഥി പട്ടികയിൽ മുപ്പത് വയസ്സിനു താഴെ പ്രായമുള്ളവർ. അതേസമയം, കോൺഗ്രസിന്റെ ഉറച്ച സീറ്റിൽ മിഥുനയ്ക്ക് എന്തു ചെയ്യാനാകുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയവൃത്തങ്ങൾ. എപി അനിൽ കുമാറാണ് സിറ്റിങ് എംഎൽഎ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K