27 February, 2021 05:25:44 PM


സിപിഐ ഭരിക്കുന്ന ബാങ്കിനെതിരെ സമരവുമായി സിപിഎം സംഘടനകോട്ടയം: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പിന്നാലെ സിപിഐ ഭരിക്കുന്ന ബാങ്കിനെതിരെ പ്രത്യക്ഷസമരവുമായി സിപിഎം സംഘടന. സംഭവത്തില്‍ ഹൈക്കോടതി ഇടപെട്ടതോടെ ബാങ്കിന്‍റെ പൊതുയോഗം നടന്നത് വന്‍ പോലീസ് സന്നാഹത്തോടെ. സിപിഐയുടെ ട്രേഡ് യൂണിയനായ ആൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ഭരിക്കുന്ന കോട്ടയം നഗരത്തിലെ കൊമേഴ്സ്യൽ ബാങ്ക് എംപ്ലോയീസ് സഹകരണ ബാങ്കിനു മുന്നിലാണ് സിഐടിയു നേതൃത്വത്തിലുള്ള കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സമരവുമായെത്തിയത്.


ശനിയാഴ്ച പൊതുയോഗം നടക്കുമ്പോള്‍ ബാങ്ക് ഉപരോധിക്കുമെന്ന് സിഐടിയു നേതൃത്വത്തിലുള്ള സംഘടന നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പൊതുയോഗം അലങ്കോലപ്പെടുത്തുക എന്നതാണ് സമരക്കാരുടെ ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞ ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചു. കോട്ടയം ജില്ലാ പോലീസ് മേധാവിയ്ക്കും കോട്ടയം വെസ്റ്റ് എസ്എച്ച്ഓയ്ക്കും  കോടതി നിര്‍ദ്ദേശപ്രകാരമാണ് വന്‍ പോലീസ് സുരക്ഷയോടെയാണ് ഇന്ന് യോഗം നടന്നത്.കഴിഞ്ഞ 52 വർഷമായി കൊമേഴ്സ്യൽ ബാങ്ക് എംപ്ലോയീസ് സഹകരണ ബാങ്കിൽ ഭരണം നിർവഹിച്ചു വരുന്നത് സിപിഐയുടെ ട്രേഡ് യൂണിയനായ ആൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനാണ്. 2020 ജൂലൈ 31 ന് വിരമിച്ച സെക്രട്ടറി വിൻസി ജോർജിന്‍റെ ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നില്ലെന്നും ആരോപിച്ചാണ് സിപിഎം സംഘടന രംഗത്തെത്തിയത്. എന്നാല്‍ വിന്‍സി ജോര്‍ജ് വിരമിച്ചതിന്  തൊട്ടടുത്ത ദിവസം തന്നെ അവരുടെ റിട്ടയർമെന്‍റ് ആനുകൂല്യമായ പിഎഫ്,  ഗ്രാറ്റുവിറ്റി, ബോണസ്സ് എന്നിവ വിതരണം ചെയ്തതായി ബാങ്ക് അധികൃതര്‍ പറയുന്നു.


അതേസമയം ലീവ് എന്‍ക്യാഷ്മെന്‍റ് വിതരണം ചെയ്യുന്നതിനു മുമ്പാണ് രണ്ടു സഹകാരികള്‍ പരാതിയുമായി രംഗത്തെത്തിയത്. ഇതേതുടര്‍ന്ന് ഇവർ സെക്രട്ടറി ആയി ചുമതല വഹിച്ചിരുന്ന കാലയളവിലെ ചില പ്രവർത്തനത്തെ കുറിച്ച് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. ഇതോടെ, അന്വേഷണം പൂർത്തിയായി റിപ്പോർട്ടു  വന്നതിനുശേഷം ലീവ് എന്‍ക്യാഷ്മെന്‍റ്  വിതരണം നടത്തിയാല്‍ മതിയെന്ന് ബോര്‍ഡ് തീരുമാനിച്ചിരുന്നു. വിൻസി ജോർജിനേയും അവർ പ്രതിനിധാനം ചെയ്തിരുന്ന  സംഘടനയേയും അറിയിച്ചിരുന്നുവെങ്കിലും നിയമവശങ്ങള്‍ പഠിക്കാന്‍ തയ്യാറാകാതെ സംഘടന സമരരംഗത്തിറങ്ങുകയായിരുന്നുവെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.


ഇതിനിടെ കഴിഞ്ഞ ഡിസംബര്‍ 14ന് ചർച്ചയ്ക്ക് വിളിച്ചിട്ടും ആ അവസരം ഉപയോഗപ്പെടുത്താതെ ഫെബ്രുവരി 5ന് ധർണ നടത്തുമെന്ന നോട്ടീസാണ് സൊസൈറ്റിക്കു ലഭിച്ചത്. സെക്രട്ടറിയുടെ ആനുകൂല്യം നല്‍കുന്നതിനു പുറമെ ജീവനക്കാരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്നും ഭരണസമിതി വെളിപ്പെടുത്തുന്നു. നിലവിൽ ഒരു ജീവനക്കാരന്‍റെയും സ്ഥാനക്കയറ്റ അപേക്ഷ സംഘത്തിന് ലഭിച്ചിട്ടില്ല. ആയതിനാൽ ആ ഡിമാൻഡിന് പ്രസക്തിയില്ല എന്നും സംഘടനയെ അറിയിച്ചിരുന്നു. കഴിഞ്ഞ 24ന് സംഘടനാ പ്രതിനിധികളുമായി നടന്ന ചർച്ചയിൽ അവരുടെ നിർദ്ദേശം പരിഗണിച്ച് ലീവ് എന്‍ക്യാഷ്മെന്‍റ് ആനുകൂല്യം വിതരണം ചെയ്യാം എന്ന് സമ്മതിച്ച് തീരുമാനം ആയതുമാണ്.


ഇതിനുപിന്നാലെ ശനിയാഴ്ച  ബാങ്ക് ഉപരോധിക്കാന്‍ സിപിഎം സംഘടന വീണ്ടും രംഗത്തെത്തിയത് മുന്നണിക്കുള്ളില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പിന്നാലെ നടത്തിയ ഈ സമരത്തെ സിപിഎമ്മിന്‍റെ വല്യേട്ടന്‍ മനോഭാവമായാണ് സിപിഎം പ്രവര്‍ത്തകരും കാണുന്നത്. 1500 അംഗങ്ങളുള്ള ബാങ്കില്‍ സിപിഎം അനുഭാവികളായവര്‍ക്ക് അംഗത്വം തീരെ കുറവാണ്. കൊമേഴ്സ്യല്‍ ബാങ്കിംഗ് മേഖലയിലെ ബഹുഭൂരിപക്ഷവും സിപിഐ നേതൃത്വം നല്‍കുന്ന ആൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ അംഗങ്ങളാണ്. അര നൂറ്റാണ്ടിലേറെയായി ഈ സംഘടനയുടെ ഭരണത്തിലാണ് കൊമേഴ്സ്യൽ ബാങ്ക് എംപ്ലോയീസ് സഹകരണ ബാങ്കും.Share this News Now:
  • Google+
Like(s): 3.7K