23 February, 2021 01:16:03 PM


ഇഎംസിസി വ്യാജ കമ്പനിയെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു - മന്ത്രി വി മുരളീധരൻ



തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന ഇടപാടില്‍ ഇഎംസിസി എന്ന സ്ഥാപനം വ്യാജ കമ്പനിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ച ശേഷമാണ് സംസ്ഥാനം ധാരണാപത്രം ഒപ്പിട്ടതെന്ന വാദവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. അമേരിക്കന്‍ കമ്പനിയായ ഇഎംസിസി വിശ്വാസ്യതയില്ലാത്ത സ്ഥാപനമാണെന്ന് അമേരിക്കയിലെ കോണ്‍സുലേറ്റ് മറുപടി നല്‍കിയിരുന്നെന്ന് മുരളീധരന്‍ പറഞ്ഞു. എന്നാല്‍ സംസ്ഥാന സര്‍ക്കാരും കമ്പനിയും വി മുരളീധരനെ തള്ളി.


കമ്പനിയുടെ ആധികാരികതയെ കുറിച്ച് ആരാഞ്ഞ് ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാല്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. അതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം 2019 ഒക്ടോബര്‍ 21ന് മറുപടി നല്‍കിയെന്നാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍റെ വിശദീകരണം. കമ്പനിയുടെ മേല്‍ വിലാസം താല്‍ക്കാലികമാണ്. ഒരു അടിസ്ഥാനവുമില്ലാത്ത സ്ഥാപനമാണെന്നും സംസ്ഥാനത്തെ അറിയിച്ചിരുന്നു.


ഇതിന് ശേഷമാണ് സംസ്ഥാനം ധാരണാപത്രത്തില്‍ ഒപ്പുവെച്ചതെന്നും വി മുരളീധരന്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ കമ്പനി വ്യാജമാണെന്ന വിവരം സംസ്ഥാനത്തിന് അറിയില്ലെന്നായിരുന്നു മന്ത്രി ഇ.പി ജയരാജന്‍റെ മറുപടി. മന്ത്രിമാര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും വ്യവസായമന്ത്രി പറഞ്ഞു. കേന്ദ്ര സഹമന്ത്രിയുടെ വെളിപ്പെടുത്തലോടെ ആഴക്കടല്‍ മത്സ്യ ബന്ധന ഇടപാടിനെ ചൊല്ലിയുള്ള വിവാദം കനക്കുകയാണ്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K