22 February, 2021 07:39:06 PM


തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തി വനം വകുപ്പ്



തൃശൂര്‍: തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തി വനം വകുപ്പ്‌. ആനയെ എഴുന്നള്ളിക്കുന്നതിനുള്ള നിബന്ധനകള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. 5 മീറ്ററിനടുത്ത് ആരെയും അടുപ്പിക്കരുതെന്ന നിബന്ധന പാലിക്കാത്ത സാഹചര്യത്തിലാണ് നാട്ടാന സംരക്ഷണ സമിതിയുടെ അനുമതി വനംവകുപ്പ് റദ്ദാക്കിയത്.


നേരത്തെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉപാധികളോടെ ക്ഷേത്രങ്ങളില്‍ എഴുന്നള്ളിപ്പിന് കൊണ്ടു പോകാന്‍ അനുമതി നല്‍കിയിരുന്നു. തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ മാത്രമാണ് എഴുന്നള്ളിപ്പ് നടത്താന്‍ അനുമതിയുള്ളത്. ആഴ്ചയില്‍ രണ്ട് തവണ മാത്രമേ എഴുന്നള്ളിപ്പിന് കൊണ്ടു പോകാന്‍ പാടുള്ളൂ. എഴുന്നള്ളിപ്പിന് കൊണ്ടു പോകുമ്പോള്‍ നാല് പാപ്പാന്‍മാര്‍ ആനയ്‌ക്കൊപ്പം വേണമെന്നും നാട്ടാന നിരീക്ഷണസമിതി നിര്‍ദേശിച്ചിരുന്നു. ആനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.


2019 ഫെബ്രുവരിയില്‍ ഗുരുവായൂരില്‍ ഗൃഹപ്രവേശത്തിനെത്തിച്ച കൊമ്പന്‍ ചടങ്ങിനിടെ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഇടഞ്ഞോടുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ വിലക്ക് വന്നത്. പിന്നീട് പ്രതിഷേധങ്ങളെ തുടര്‍ന്ന് തൃശൂര്‍ പൂരത്തിന്‍റെ വിളംബരമായ തെക്കേഗോപുരവാതില്‍ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂര്‍ നേരത്തേക്ക് നിബന്ധനകളോടെ രാമചന്ദ്രനെ എഴുന്നള്ളിച്ചിരുന്നു. കൊവിഡിന് ശേഷം ഇതാദ്യമായാണ് രാമചന്ദ്രനെ ചടങ്ങുകള്‍ക്ക് കൊണ്ടു പോകാന്‍ അനുമതി കിട്ടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K