22 February, 2021 06:33:39 PM


ആഴക്കടല്‍ മത്സ്യബന്ധനം: ഇഎംസിസിയുമായുള്ള വിവാദ ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കി




തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദ ധാരണപത്രം സര്‍ക്കാര്‍ റദ്ദാക്കി. കമ്പനിയുമായി കെഎസ്‌ഐഡിസിയും കേരളഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും ഒപ്പുവച്ച ധാരണാപത്രങ്ങളും ഭക്ഷ്യസംസ്‌കരണ പാര്‍ക്കിന് സ്ഥലം അനുവദിച്ചതുമുമാണ് റദ്ദാക്കിയത്. അഴിമതി നടന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ തുടര്‍ന്നാണ് ധാരണപത്രം റദ്ദാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.


കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്താനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ധാരണപത്രം ഒപ്പിടാനുണ്ടായ സാഹചര്യം അന്വേഷിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറി ടികെ ജോസിനാണ് അന്വേഷണ ചുമതല.


ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷനുമായി ഏതെങ്കിലും ധാരണാപത്രം ഒപ്പിട്ട കാര്യം കെഎസ്‌ഐഎന്‍സിയുടെ എംഡി സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് രേഖയായി ഉയര്‍ത്തിക്കാട്ടുന്നത് കമ്ബനി നല്‍കിയ നിവേദനത്തിലെ വിവരങ്ങളാണെന്നും ഇത് അദ്ദേഹത്തിന് എങ്ങനെ കിട്ടി എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എംഡി ആയ ഉദ്യോഗസ്ഥന്‍ നേരത്തെ ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നെന്നും പിണറായി പറഞ്ഞു.


അതേസമയം കരാര്‍ ആരോപണങ്ങള്‍ക്ക് പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇഎംസിസി പ്രതിനിധികളും തമ്മിലുള്ള ഗൂഢാലോചനയെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു. ഇഎംസിസി പ്രതിനിധികള്‍ തന്നെ കണ്ടിരുന്നുവെന്നും എന്നാല്‍ തന്നോടൊപ്പം അവര്‍ മുഖ്യമന്ത്രിയെ കണ്ടുവെന്ന ചെന്നിത്തലയുടെ ആരോപണം തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഞായറാഴ്ച പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വ്യവസ്ഥ മുഖ്യമന്ത്രി മറച്ച്‌ വെക്കുന്നെന്ന് പറഞ്ഞ ചെന്നിത്തല, കരാറുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകളും പുറത്തുവിട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K