20 February, 2021 08:55:37 PM


കോട്ടയത്ത് 17 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം



കോട്ടയം: ജില്ലയിലെ 17 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2021-22ലെ വാര്‍ഷിക പദ്ധതിക്ക് ഇന്നലെ(ഫെബ്രുവരി 20) ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ഇതോടെ ജില്ലയില്‍ ആകെ 29 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരമായി.


പാലാ മുനിസിപ്പാലിറ്റി, ഉഴവൂര്‍, മാടപ്പള്ളി, പള്ളം ബ്ലോക്ക് പഞ്ചായത്തുകള്‍, ആര്‍പ്പൂക്കര, ചിറക്കടവ്, കല്ലറ, കോരുത്തോട്, മണിമല, പൂഞ്ഞാര്‍ തെക്കേക്കര, വാഴൂര്‍, തൃക്കൊടിത്താനം, പനച്ചിക്കാട്, നീണ്ടൂര്‍, വെള്ളൂര്‍, കടനാട്, മരങ്ങാട്ടുപിള്ളി ഗ്രാമപ‍ഞ്ചായത്തുകള്‍ എന്നിവയുടെ പദ്ധതികളാണ് പുതിയതായി അംഗീകാരം നേടിയത്. 2021-22ലെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നേടുന്ന ജില്ലയിലെ ആദ്യ മുനിസിപ്പാലിറ്റിയാണ് പാലാ.


കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്‍റെയും മരങ്ങാട്ടുപിള്ളി, മേലുകാവ്, കാണക്കാരി ഗ്രാമപഞ്ചായത്തുകളുടെയും 2020-21 വാര്‍ഷിക പദ്ധതി ഭേദഗതികള്‍ സമിതി അംഗീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മ്മല ജിമ്മിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എസ്. സത്യപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K