19 February, 2021 10:34:04 AM


ആദ്യകാല വനിതാ ഫുട്ബോൾ താരവും പരശീലകയുമായിരുന്ന ഫൗസിയ മാമ്പറ്റ അന്തരിച്ചു



കോഴിക്കോട്: പ്രമുഖ ഫുട്ബോൾ പരിശീലകയും വനിതാ ഫുട്ബോൾ താരവുമായ ഫൗസിയ മാമ്പറ്റ അന്തരിച്ചു. ആദ്യകാല വനിതാ ഫുട്ബോൾ താരം കൂടിയാണ് ഫൗസിയ മാമ്പറ്റ. സംസ്കാരം 11.30 ന് കോഴിക്കോട് ഈസ്റ്റ് വെള്ളിമാട്കുന്ന് ജുമാമസ്ജിദ് ഖബറിസ്ഥാനിൽ നടക്കും. നടക്കാവ് ഗേൾസ് ഹൈസ്കൂളിലെ കായിക പരിശീലകയായിരുന്നു. കേരള സ്പോർട്സ് കൗൺസിലിന്‍റെ പരിശീലക എന്ന പദവിയും വഹിച്ചിട്ടുണ്ട്.


കോഴിക്കോട് മാമ്പറ്റ കുഞ്ഞിമൊയ്തി-ബിച്ചിവി ദമ്പതിമാരുടെ ആറുമക്കളിൽ നാലാമത്തെ കുട്ടിയായ ഫൗസിയ നടക്കാവ് സ്കൂളിൽ പഠിക്കുമ്പോഴാണ് കായികരംഗത്തെത്തുന്നത്. തുടക്കം ഹാൻഡ്ബോളിലായിരുന്നു. പിന്നീട് പല കായിക ഇനങ്ങളിലും മാറ്റുരച്ചു. വെയ്റ്റ് ലിഫ്റ്റിങ്ങിൽ സംസ്ഥാനചാമ്പ്യൻ, പവർ ലിഫ്റ്റിങ്ങിൽ സൗത്ത് ഇന്ത്യയിൽ മൂന്നാംസ്ഥാനം, ഹാൻഡ്ബോൾ സംസ്ഥാന ടീമംഗം, ജൂഡോയിൽ സംസ്ഥാനതലത്തിൽ വെങ്കലം, ഹോക്കി, വോളിബോൾ എന്നിവയിൽ ജില്ലാ ടീമംഗം ദേശീയ ഗെയിംസ് വനിതാഫുട്ബോളിൽ കേരളത്തിന്‍റെ ഗോൾകീപ്പർ. അങ്ങനെ കായിക രംഗത്ത് മികച്ച ഫൌസിയ കൈവെക്കാത്ത മേഖലകള്‍ കുറവായിരുന്നു.


ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍ ജനിച്ച ഫൗസിയയുടെ ജീവിതവും ഒരു ഫുട്‌ബോള്‍ മാച്ച് പോലെയായിരുന്നു. കായിക രംഗത്ത് ഫൗസിയ്ക്ക് പിതാവ് മൊയ്തുവായിരുന്നു പൂര്‍ണ പിന്തുണ. പഠനത്തിനും കായികരംഗത്തും അദ്ദേഹം തന്‍റെ മകള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി. കൊൽക്കത്തയിൽനടന്ന അഖിലേന്ത്യാ വനിതാ ജൂനിയർ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കേരളത്തിന്‍റെ ഗോൾവല കാത്തത് ഫൗസിയയായിരുന്നു. അന്ന് ഫൈനൽ മത്സരത്തിൽ കേരളം 1-0 എന്നനിലയിൽ തോറ്റെങ്കിലും ഗോൾപോസ്റ്റിനുകീഴിൽ ഫൗസിയ നടത്തിയ രക്ഷാപ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.


അര്‍ഹിച്ച പരിഗണന സംസ്ഥാന സര്‍‍ക്കാരുകള്‍ നല്‍കാത്തതിനെത്തുടര്‍ന്ന് തൊഴിൽതേടി 2002-ൽ അവർ അന്നത്തെ സംസ്ഥാന കായിത മന്ത്രിയായിരുന്ന കെ. സുധാകരനെ സന്ദർശിച്ചു. അങ്ങനെയാണ് ഫൗസിയ സംസ്ഥാന സ്പോർട്സ് കൗൺസിലിൽ പ്രതിദിനം നൂറുരൂപ വേതനാടിസ്ഥാനത്തിൽ ഫുട്ബോൾ കോച്ചായി നിയമിക്കപ്പെടുന്നത്. കോഴിക്കോട് നടക്കാവ് സ്കൂളിലെ വിദ്യാർഥികളെ പരിശീലിപ്പിക്കാനുള്ള ദൗത്യം ഫൗസിയ ഏറ്റെടുത്തു. അർപ്പണമനോഭാവത്തോടെയുള്ള അവരുടെ ശിക്ഷണംകൊണ്ട് അഭൂതപൂർവമായ നേട്ടങ്ങളാണ് നടക്കാവ് സ്കൂളിലെ കുട്ടികൾ കൈവരിച്ചത്. 2003-ൽ കേരളാടീമിലേക്ക് ജില്ലയിൽനിന്ന് നാലുപേരെയാണ് ഫൗസിയ നൽകിയത്. 2005 മുതൽ 2007 വരെ സംസ്ഥാന സബ്ജൂനിയർ, ജൂനിയർ ടൂർണമെന്റിൽ റണ്ണർ അപ്പായ കോഴിക്കോട് ടീമിനെ പരിശീലിപ്പിച്ചതും അവർതന്നെ.


ഇന്ത്യൻടീമിൽ ഇടംനേടിയ ടി. നിഖില, വൈ.എം. ആഷ്ലി തുടങ്ങിയവരും ഫൗസിയയുടെ കളരിയില്‍ പയറ്റത്തെളിഞ്ഞവരാണ്. ഒരു പരിശീലക എന്നനിലയിൽ വളരെ പെട്ടെന്ന് ഫൗസിയ പേരെടുത്തു. 2005-ൽ മണിപ്പൂരിൽനടന്ന ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിൽ കേരളം മൂന്നാംസ്ഥാനം നേടിയപ്പോൾ ടീമിന്‍റെ കോച്ച്, 2006-ൽ ഒഡിഷയിൽനടന്ന ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായ കേരളത്തിന്‍റെ അസിസ്റ്റന്‍റ് കോച്ച്. അങ്ങനെ‌ പരിശീലക എന്ന സ്വയം ഏറ്റെടുത്ത ദൌത്യം അതിന്‍റെ ഏറ്റവും ഭംഗിയിലാണ് ഫൌസിയ പൂര്‍ത്തീകരിച്ചത് എന്ന് നിസംശയം പറയാം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K