17 February, 2021 05:54:41 PM


വഞ്ചിവീടുകളില്‍ ആഹാര ഗുണനിലവാര പരിശോധനകള്‍ കര്‍ശനമാക്കും



കുമരകം: വഞ്ചി വീടുകളിൽ പാകം ചെയ്ത്‌ നൽകുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരം സംബന്ധിച്ച് പരിശോധനകൾ കര്‍ക്കശമാക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണർ പി .ഉണ്ണികൃഷ്ണൻ നായർ.  ഏറ്റുമാനൂർ ഭക്ഷ്യ സുരക്ഷാ സർക്കിളിന് കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ വഞ്ചി വീടുകൾക്കും ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമത്തിന്‍റെ അടിസ്ഥാനത്തിൽ ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷൻ നൽകികൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


വഞ്ചിവീട് ഉടമസ്ഥർക്കായി ചീപ്പുങ്കൽ വച്ച് നടത്തിയ അവബോധന ക്ലാസിൽ പങ്കെടുത്തവർക്കാണ് രജിസ്ട്രേഷൻ നൽകിയത്. ഭക്ഷ്യ സുരക്ഷാ നിയമം അനുശാസിക്കുന്ന തരത്തിൽ ഭക്ഷണം പാകം ചെയുന്നതും വിതരണം ചെയ്യുന്നതും സംബന്ധിച്ച് ആവശ്യമായ അവബോധന ക്ലാസ്സാണ് വഞ്ചി വീട് ഉടമസ്ഥർക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സംഘടിപ്പിച്ചത്. ചടങ്ങിൽ ഭക്ഷ്യ സുരക്ഷാ ഓഫീസർ ഡോ.തെരസ് ലിൻ ലൂയിസ്, ഹൗസ് ബോട്ട് ഓണേഴ്സ് സൊസൈറ്റി പ്രസിഡന്‍റ് ഷനേജ് കുമാർ ഇന്ദ്രപ്രസ്ഥ, സെക്രട്ടറി പി.വി. റോയി രാജധാനി എന്നിവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K