16 February, 2021 05:53:36 PM


നിയന്ത്രണമില്ലാതെ ഏറ്റുമാനൂര്‍: ഇതുവരെ 2286 കോവിഡ് രോഗികള്‍; 160 പേര്‍ ചികിത്സയില്‍



ഏറ്റുമാനൂര്‍: കോവിഡ് വ്യാപനം രൂക്ഷമായിട്ടും നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെ ഏറ്റുമാനൂര്‍. 35 വാര്‍ഡുകളില്‍ 23 വാര്‍ഡുകളും കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ പോലീസും നഗരസഭയും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള അധികൃതര്‍ പരാജയപ്പെടുകയാണ്. ഇതോടെ കാറ്റില്‍ പറത്തപ്പെടുന്നത് സര്‍ക്കാരും ജില്ലാ കളക്ടറും ഉത്തരവിട്ട കോവിഡ് നിര്‍ദ്ദേശങ്ങള്‍.


കഴിഞ്ഞ ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് ഏറ്റുമാനൂരില്‍ ഇതുവരെ 2286 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ക്ലസ്റ്ററായി ഏറ്റുമാനൂരിനെ ഒരിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷം മാത്രം 2243 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 4311 പ്രാഥമികസമ്പര്‍ക്കപട്ടികയില്‍ ഇടം നേടി. ഇവരില്‍ 987 പേര്‍ക്കും കോവിഡ് പോസിറ്റീവായി.  3163 ആന്‍റിജന്‍ പരിശോധനകളും 857 ആര്‍ടിപിസിആര്‍ പരിശോധനകളുമാണ് ഞായറാഴ്ച വരെ ഏറ്റുമാനൂരില്‍ നടന്നത്.


ഇതുവരെ നൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് മൂന്ന് വാര്‍ഡുകളിലാണ്. നാലാം വാര്‍ഡില്‍ 121ഉം ഏഴാം വാര്‍ഡില്‍ 118ഉം 33-ാം വാര്‍ഡില്‍ 111ഉം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഏറ്റവും കുറവ് രോഗികള്‍ 28-ാം വാര്‍ഡില്‍നിന്നായിരുന്നു. 24 പേര്‍.  ഏറ്റവും കൂടുതല്‍ പേര്‍ പ്രാഥമികസമ്പര്‍ക്കപട്ടികയില്‍ ഇടം നേടിയത് നാലാം വാര്‍ഡില്‍നിന്ന്. 333 പേര്‍.


നിലവില്‍ 160 പേരാണ് കോവി‍ഡ് ചികിത്സയിലുള്ളത്.  ഏറ്റവും കൂടുതല്‍ രോഗികള്‍ ഒന്നാം വാര്‍ഡിലാണ്. 16 പേര്‍. 2, 33 വാര്‍ഡുകളില്‍ 13 പേര്‍ വീതം ചികിത്സയിലുണ്ട്. 23, 25, 26, 29 വാര്‍ഡുകളാണ് നിലവില്‍ രോഗികളാരും ഇല്ലാത്ത പ്രദേശങ്ങള്‍. ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് ഓരോ വാര്‍ഡിലും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം (ബ്രായ്ക്കറ്റില്‍) ചുവടെ.


1 (89), 2 (67), 3 (98), 4 (121), 5 (57), 6 (68), 7 (118), 8 (57), 9(75), 10 (62), 11 (61), 12 (91), 13 (75), 14 (86), 15 (51), 16 (29), 17 (34), 18 (64),  19 (58), 20 (59), 21 (56), 22 (75), 23 (60), 24 (37), 25 (43) , 26 (54), 27 (73), 28 (24), 29 (49), 30 (52), 31 (28), 32 (72), 33 (111), 34 (70), 35 (62)




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K