16 February, 2021 01:57:10 PM


സാമ്പത്തിക ശാസ്ത്രജ്ഞയാകണം; റോസ്മിയുടെ ആഗ്രഹത്തിന് ഇനി പരിമിതികൾ തടസമാകില്ല



കോട്ടയം: സാമ്പത്തിക ശാസ്ത്രജ്ഞയാകണമെന്ന റോസ്മിയുടെ ആഗ്രഹത്തിന് ഇനി പരിമിതികൾ തടസമാകില്ല. തുടർപഠനത്തിനും ചികിത്സയ്ക്കും സർക്കാർ സഹായഹസ്തമേകും. ഒൻപതാം വയസിൽ സെറിബ്രൽ പാൾസി ബാധിച്ച് അരയ്ക്ക് താഴേക്ക് തളർന്നു പോയ കറുകച്ചാൽ മാന്തുരുത്തി സ്വദേശിയായ റോസ്മി പി. ജോസഫ് എന്ന ഇരുപത്തഞ്ചു വയസുകാരിയാണ് ജോയ്സ്റ്റിക്ക് ഓപ്പറേറ്റഡ് ഓട്ടോമാറ്റിക് വീൽ ചെയർ അനുവദിക്കണമെന്ന ആവശ്യവുമായി  സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിന് എത്തിയത്.


റോസ്മിയുടെ തുടർപഠനമെന്ന സ്വപ്നം ചോദിച്ചറിഞ്ഞ മന്ത്രി കെ. കൃഷ്ണൻ കുട്ടി അപേക്ഷ പരിഗണിക്കാമെന്ന്  ഉറപ്പുനൽകി. ആദ്യഘട്ടമായി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായവും അനുവദിച്ചു. പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് റോസ് മി. കൈകൾക്കു ബലക്കുറവുള്ളതിനാൽ സാധാരണ വീൽചെയർ ഉപയോഗിക്കാൻ പ്രയാസമാണ്. 


സാക്ഷരതാമിഷന്റെ തുല്യതാ പരീക്ഷയിലൂടെ ഉയർന്ന മാർക്കോടെ പ്ലസ്ടു വരെ പൂർത്തിയാക്കി. ഇഷ്ട വിഷയമായ ഇക്കണോമിക്സ് എടുത്ത് ബിരുദത്തിനു ചേരാനാണ് ഉദേശിക്കുന്നത്. അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ്
അദാലത്തിൽ പങ്കെടുക്കാൻ എത്തിയത്. ഇത്രയും നാൾ വീട്ടിലിരുന്നാണ് പഠിച്ചത്. ഓട്ടോമാറ്റിക് വീൽചെയർ ലഭിക്കുകയാണെങ്കിൽ കോളേജിൽ റഗുലർ ബാച്ചിൽ ചേരാനാകുമെന്ന പ്രതീക്ഷയിലാണ്. അംഗ പരിമിതർക്കുള്ള ക്ഷേമ പെൻഷൻ ലഭിക്കുന്നത് ചികിത്സാ ചെലവിന് പ്രയോജനപ്പെടുന്നുണ്ടെന്ന് റോസ്മി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K