15 February, 2021 05:16:49 PM


പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി കവാത്ത് മറന്നു - രമേശ് ചെന്നിത്തലകോട്ടയം: ഇന്നലെ കൊച്ചിയില്‍ ബി.പി.സി.എല്‍. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കവാത്ത് മറന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേന്ദ്രസര്‍ക്കാര്‍ സ്വകാര്യകുത്തകള്‍ക്ക് വില്ക്കാന്‍ വച്ചിരിക്കുന്ന ബി.പി.സി.എല്ലിലാണ് പ്രധാനമന്ത്രി ഇന്നലെ ഉദ്ഘാടന മാമാങ്കങ്ങള്‍ നടത്തിയതെന്ന് ചെന്നിത്തല ആരോപിച്ചു കുറ്റപ്പെടുത്തി. ഐശ്വര്യ കേരള യാത്രയുമായി ബന്ധപ്പെട്ട് കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിനിടെയായിരുന്നു രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.


കേന്ദ്രസര്‍ക്കാരിന്‍റെ കയ്യിലുള്ള ബി.പി.സി.എല്ലിന്‍റെ 53 ശതമാനം ഓഹരികളും സ്വകാര്യകമ്പനികള്‍ക്ക് വില്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. വില്‍ക്കാനിട്ടിരിക്കുന്ന സ്ഥാപനത്തില്‍ വികസനം നടത്തിയാല്‍ അതിന്‍റെ ഗുണം വാങ്ങുന്നവര്‍ക്കാണ്. ബി.പി.സി.എല്‍. വില്പനയ്ക്കെതിരെ വന്‍പ്രക്ഷോഭം നടന്നിരുന്നു. പക്ഷേ, പ്രധാനമന്ത്രിയെ അടുത്തു കിട്ടിയിട്ടും  മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പാതെ സൂത്രത്തില്‍ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്.


ആര്‍ക്കും മനസ്സിലാകാത്ത തരത്തില്‍ പരോക്ഷമായി ഒരു പരാമര്‍ശം നടത്തി എതിര്‍പ്പ് പ്രകടിപ്പിച്ചു എന്നു വരുത്തി തീര്‍ക്കാനാണ് അദ്ദേഹം ശ്രമിച്ചത്. എന്തിനാണ് ഈ ഒളിച്ചു കളി? വ്യവസായ വികസനത്തിന് സ്വകാര്യ നിക്ഷേപം മാത്രം പോരാ എന്ന പൊതുപ്രസ്താവന മാത്രമാണ് പിണറായി  നടത്തിയത്. അല്ലാതെ ലാഭത്തിലുള്ള ബി.പി.സി.എല്‍. സ്വകാര്യമേഖലയ്ക്ക് വില്ക്കുന്നതില്‍ സംസ്ഥാനത്തിനുള്ള പ്രതിഷേധം അദ്ദേഹം പ്രകടിപ്പിച്ചില്ല.


പ്രധാനമന്ത്രി വേദിയിലിരിക്കുമ്പോള്‍ അതിന് പറ്റിയ സമയമായിരുന്നു. പക്ഷേ അതിനുള്ള ധൈര്യം മുഖ്യമന്ത്രിക്ക് ഇല്ലായിരുന്നു. മുഖ്യമന്ത്രി ഇംഗ്ലീഷിലാണ് പ്രസംഗം തുടങ്ങിയത്. എന്നാല്‍, തന്‍റെ പരോക്ഷ വിമര്‍ശനത്തിന്‍റെ സമയമെത്തിയപ്പോള്‍ മുഖ്യമന്ത്രി പ്രസംഗം മലയാളത്തിലേക്ക് മാറ്റി. തന്‍റെ  പരോക്ഷ വിമര്‍ശനം പോലും മോദിക്ക് മനസ്സിലാവരുത് എന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍. അതേ സമയം വിമര്‍ശിച്ചു എന്നു നാട്ടുകാരെ ബോധ്യപ്പെടുത്തുകുയം വേണം. ഈ തിരഞ്ഞെടുപ്പു കാലത്ത് പോലും മോദിക്ക് മുന്നില്‍ നല്ല കുട്ടിയായിരിക്കാനാണ് പിണറായി ശ്രമിച്ചത്. ചെന്നിത്തല കുറ്റപ്പെടുത്തി. 


മുഖ്യമന്ത്രിയുടെ സംവാദപരിപാടികളില്‍  ആരും കറുത്ത ഷര്‍ട്ടോ മാസ്‌ക്കോ അണിയാന്‍ പാടില്ല. കറുപ്പിനോട് മുഖ്യമന്ത്രിക്ക് എന്താണ് ഇത്ര വിരോധം. തമിഴ്നാട്ടില്‍ നരേന്ദ്രമോദിയുടെ യോഗത്തിലും ഇതേപോലെ കറുത്ത മാസ്‌ക് ധരിച്ചുവന്നവരെ കയറ്റിയില്ല. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഒരേ മനസ്സാണ്. നല്ല ഐക്യം. സംവാദ പരിപാടിയാണെന്നാണ് പറയുന്നതെങ്കിലും ഏകപക്ഷീയമായ പരിപാടിയാണ് നടക്കുന്നത്. എസ്.എഫ്.ഐക്കാരെ മാത്രമേ പങ്കെടുപ്പിക്കുന്നുള്ളൂ. ചോദ്യങ്ങള്‍ നേരത്തെ എഴുതി കൊടുത്ത് അനുമതി വാങ്ങണം. ഇതിനെ സംവാദമെന്ന് വിളിക്കാന്‍ പറ്റില്ല. തിരഞ്ഞെടുപ്പ് അടുത്തപ്പോഴത്തെ പാവ് വേലയാണിത്. 


കോടിക്കണക്കിന് രൂപയാണ് പരസ്യത്തിനായി ചിലവഴിക്കുന്നത്. ഇത് വികസനത്തിന് ചിലവഴിക്കുന്തിന് പകരം ഇമേജ് വര്‍ദ്ധിപ്പിക്കുന്നതിനും പി.ആര്‍ ഏജന്‍സികള്‍ക്ക് നല്‍കാനും ഉപയോഗിക്കുകയാണ്. സി.പി.എം. സംസ്ഥാന ആക്ടിംഗ് സെക്രട്ടറി വിജയരാഘവന്റെയും സി.പി.ഐ. നേതാവ് ബിനോയ് വിശ്വത്തിന്റെയും നേതൃത്വത്തില്‍ നടക്കുന്ന ജാഥകള്‍ക്ക് വികസന മുന്നേറ്റജാഥ എന്നാണ് പറയുന്നത്. എന്തു വികസനമാണ് ഇവിടെ നടന്നത്. ആകെ വാചകമടി വികസനം മാത്രമല്ലേ നടക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു.


നിയമസഭയില്‍ വച്ച സാമ്പത്തിക സര്‍വ്വേ അനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 6.49 ശതമാനത്തില്‍നിന്ന് 3.45 ശതമാനം ആയി ഇടിഞ്ഞിരിക്കുകയാണ്. സര്‍ക്കാരിന്റെ തന്നെ കണക്കാണിത്. കാര്‍ഷിക മേഖല നെഗറ്റീവ് വളര്‍ച്ചയാണ് കാണിച്ചത്. വ്യവസായ വളര്‍ച്ച 6.23 ല്‍ നിന്ന് 2.73 ശതമാനം ആയി ഇടിഞ്ഞു. ലാഭമുണ്ടാക്കിയിരുന്ന സ്ഥാപനങ്ങള്‍ 47 ല്‍ നിന്ന് 43 ആയി കുറഞ്ഞു. പൊതുമേഖലയുടെ നഷ്ടം 3148.18 കോടി രൂപ. ഇവിടെ എന്ത് വികസനമുന്നേറ്റമാണ് നടക്കുന്നത്.

നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒരു ചോദ്യം ചോദിച്ചു. ഈ സര്‍ക്കാര്‍ വന്ന ശേഷം നടപ്പാക്കിയ വന്‍കിട വ്യവസായങ്ങള്‍ ഏതൊക്കെ. വിവരം ശേഖരിച്ചു വരുന്നു എന്ന മറുപടിയാണ് കിട്ടിയത്. പുതിയ ഒരൊറ്റ വ്യവസായം കൊണ്ടുവരാന്‍ ഇവര്‍ക്കായില്ല. വിഴിഞ്ഞം തുറമുഖം  അവതാളത്തിലാക്കി. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയെ അട്ടിമറിച്ചു. യു.ഡി.എഫ്. കാലത്ത് തുടങ്ങിയ ചില പദ്ധതികളുടെ ഉദ്ഘാടനം മാത്രം നടത്തി.


സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ കടത്ത്, പാഴ്‌സല്‍ കടത്ത്  തുടങ്ങിയ വ്യവസായങ്ങളാണ് വികസിച്ചത്. വികസന മുന്നേറ്റ ജാഥയ്ക്ക് ഒരു പ്രസക്തിയുമില്ല. ഐശ്വര്യ കേരള യാത്ര പോസിറ്റീവ് അജണ്ടയാണ് മുന്നോട്ട് വയ്ക്കുന്നത്. ഞങ്ങള്‍ അധികാരത്തില്‍
വന്നാല്‍ എന്തു ചെയ്യും എന്നാണ് പറയുന്നത്. ജനങ്ങളുടെ അഭിപ്രായം അറിയാന്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ വാങ്ങുന്നു. ജനങ്ങളുടെ പ്രകടന പത്രികയാണ് ഞങ്ങള്‍ തയ്യാറാക്കുന്നത്. ജാഥയ്ക്ക് എതിരെ നാലിടത്ത് കേസെടുത്തു. ഇപ്പോള്‍ സര്‍ക്കാരിന് നല്ല ബുദ്ധി തോന്നിയെന്ന് തോന്നുന്നു.  ഇപ്പോള്‍ കേസെടുക്കുന്നില്ല.   Share this News Now:
  • Google+
Like(s): 2.6K