11 February, 2021 07:47:42 PM


രണ്ടാം ഘട്ടം: ജില്ലാ കളക്ടറും പോലീസ് മേധാവിയും കോവിഡ് വാക്സിന്‍ സ്വീകരിച്ചു



കോട്ടയം: ജില്ലയില്‍ കോവിഡ് വാക്സിന്‍റെ രണ്ടാം ഘട്ട വിതരണം ആരംഭിച്ചു. കോവിഡ് പ്രതിരോധത്തിന്‍റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന  റവന്യു, പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പുകളിലെ ജീവനക്കാര്‍ക്കാണ് ഈ ഘട്ടത്തില്‍ നല്‍കുന്നത്. 
ആദ്യ ദിവസമായ ഇന്ന് 13 കേന്ദ്രങ്ങളിലായി 606 പേര്‍ക്ക് കുത്തിവയ്പ്പ് നല്‍കി.

 
ജില്ലാ കളക്ടര്‍ എം. അ‍ഞ്ജന, ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ്പ, സബ് കളക്ടര്‍ രാജീവ്കുമാര്‍ ചൗധരി എന്നിവര്‍ വാക്സിന്‍ സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ജില്ലയില്‍ വിതരണം ചെയ്യുന്നതിന് 8320 ഡോസ് കോവാക്സിന്‍ കൂടി ഇന്നലെ  ലഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ വാക്സിന്‍ സ്വീകരിക്കുന്നതിനായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന 33277 ആരോഗ്യ പ്രവര്‍ത്തകരില്‍  24378 പേരാണ്  സ്വീകരിച്ചത്. 907 പേര്‍ നിരാകരിച്ചു.


ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, മരുന്നുകളോട് അലര്‍ജിയുള്ളവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍, കോവിഡ് രോഗികള്‍, ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ എന്നിവര്‍ ഉള്‍പ്പെടെ   7992 പേര്‍ക്ക് നല്‍കാന്‍ കഴിഞ്ഞില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രണ്ടാമത്തെ ഡോസ് വാക്സിന്‍ വിതരണം ഫെബ്രുവരി 13ന് ആരംഭിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K