08 February, 2021 07:13:03 PM


പിന്‍വാതില്‍ നിയമനങ്ങള്‍ തടയാന്‍ ബില്ലിന് യുഡിഎഫ് രൂപം നല്‍കും - ചെന്നിത്തല



പാലക്കാട്: ഈ സര്‍ക്കാരിന്‍റെ നാലര വര്‍ഷത്തെ ഭരണത്തില്‍  മൂന്നു ലക്ഷത്തോളം പിന്‍വാതില്‍ നിയമനങ്ങളും താത്ക്കാലിക നിയമനങ്ങളും നടത്തിയിട്ടുണ്ടെന്നും ഇതു കാരണം കുറഞ്ഞത് 3 ലക്ഷം ചെറുപ്പക്കാര്‍ക്കെങ്കിലും വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെയുള്ള തൊഴില്‍ നിഷേധിക്കപ്പെട്ടുവെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.


ലക്ഷകണക്കിന് ചെറുപ്പക്കാര്‍ തൊഴിലില്ലാതെ കഷ്ടപെടുമ്പോഴാണ് ഇങ്ങനെ വന്‍തോതില്‍  താത്കാലിക നിയമനങ്ങളാണ് സംസ്ഥാനത്തു നടക്കുന്നത്. പി എസ് സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റില്‍ പേര് വന്നിട്ടും തസ്തികകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് കാരണം ജോലി നിഷേധിക്കപെടുകയാണ്. പകരം പിന്‍വാതില്‍ വഴിയും കണ്‍സള്‍ട്ടന്‍സി വഴിയും ഇഷ്ടക്കാരെയും ബന്ധുക്കളെയും പാര്‍ട്ടിക്കാരെയും  തിരുകികയറ്റുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പി.എസ്.സി ക്ക് വിട്ട തസ്തികകളല്‍ നിയമനം നടക്കുന്നില്ലെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അവയില്‍ ഇഷ്ടം പോലെ നിയമനവും സ്ഥിരപ്പെടുത്തലും നടത്തുകയാണ്.


റാങ്ക് ലിസ്റ്റില്‍ പേരു വന്നിട്ടും ജോലി കിട്ടാതെ തിരുവനന്തപുരത്ത് കാരക്കോണത്ത് അനു എന്ന് ചെറുപ്പക്കാരന്‍ ജീവനൊടുക്കി. റാങ്ക് ലിസ്റ്റുകാര്‍ കണ്ണീരും കൈയ്യുമായി നടക്കുന്നു. ആത്മഹത്യയുടെ വക്കത്ത് എത്തി നില്‍ക്കുകയാണവര്‍.
യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഈ ദുസ്ഥിതി പരിപൂര്‍ണ്ണമായി അവസാനിപ്പിക്കും. ഇതിനായി സമഗ്രമായ നിയമനിര്‍മാണമാണ് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നതും  അനധികൃത നിയമനവും ക്രിമിനല്‍ കുറ്റമാക്കി നിബന്ധന ചെയ്യുന്നതാണ് ഈ ബില്ല്.


ഈ നിയമപ്രകാരം ഓരോ വകുപ്പ് തലവന്മാര്‍ അല്ലെങ്കില്‍ ബന്ധപ്പെട്ട അധികൃതര്‍ ആ വകുപ്പില്‍ ഉണ്ടാകാന്‍ പോകുന്ന തസ്തികകള്‍ 6 മാസത്തിലൊരിക്കല്‍ പി എസ് സി ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടേതാണ്. ഇവര്‍  റിപ്പോര്‍ട്ട് ചെയ്യുന്ന തസ്തിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ടതാണ്. പി എസ് സി യുടെ റാങ്ക് ലിസ്റ്റ് നിലനില്‍ക്കെ താത്കാലിക നിയമനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത  വകുപ്പ് തലവന്‍മാര്‍ക്കെതിരെയും  ക്രിമിനല്‍  കേസ് രജിസ്റ്റര്‍ ചെയ്യുന്നതാണ്. ഈ കുറ്റങ്ങള്‍ കോഗ്‌നിസബ്ള്‍ ആയിരിക്കും. ഇതിന്റെ ശിക്ഷ 3 മാസം മുതല്‍ 2 വര്‍ഷം വരെയായിരിക്കും.


താത്ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി മാത്രമേ നടത്താന്‍ പാടുള്ളൂ. കാരണം എംപ്‌ളോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചില്‍ ധാരാളം ആളുകള്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നുണ്ട്. അവര്‍ക്ക് ഒരവസരവും കിട്ടുന്നില്ല. കാരണം കരാര്‍ നിയമനവും പിന്‍വാതില്‍ നിമനങ്ങളും വന്‍തോതില്‍ നടന്നു കൊണ്ടിരിക്കുകയാണ്. അവ അവസാനിപ്പിക്കുന്നതിനാണ് ഈ ബില്ല്. ഈ കരട് ബില്ല് യു.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് അന്തിമമാക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K