07 February, 2021 06:32:31 PM


എം.ബി. രാജേഷിന്‍റെ ഭാര്യയുടെ നിയമനം: ഗവര്‍ണര്‍ വിസിയോട് റിപ്പോര്‍ട്ട് തേടി



തിരുവനന്തപുരം: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ മുന്‍ എംപി എം.ബി. രാജേഷിന്റെ ഭാര്യയെ അനധികൃതമായി തിരുകികയറ്റിയ സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റിപ്പോര്‍ട്ട് തേടി. സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി നല്‍കിയ പരാതിയിലാണ് ഗവര്‍ണര്‍ സര്‍വകലാശാലയോടു റിപ്പോര്‍ട്ട് തേടിയത്.


റാങ്ക് പട്ടിക അട്ടിമറിച്ചാണു നിയമനമെന്ന ഇന്റര്‍വ്യൂ ബോര്‍ഡ് അംഗം ഡോ. ഉമര്‍ തറമേലിന്റെ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണു സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജിര്‍ ഖാനും ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഗവര്‍ണര്‍ ഈ പരാതി വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ടിന് അയച്ചു നല്‍കിയ ശേഷമാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.


അതേസമയം, കാലടി സര്‍വകലാശാലയിലെ നിയമന വിവാദത്തില്‍ വിഷയവിദഗ്ധര്‍ ഉപജാപം നടത്തിയെന്ന എം.ബി. രാജേഷിന്റെ ആരോപണത്തിനെതിരെ ഇന്റര്‍വ്യൂ ബോര്‍ഡ് അംഗം ഡോ. ഉമര്‍ തറമേല്‍ രംഗത്തെത്തി. സിപിഎം നേതാവ് തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിക്കാനും അദ്ദേഹം രാജേഷിനെ വെല്ലുവിളിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത്തരത്തില്‍ പ്രതികരിച്ചത്.


നിനിതയുടെ നിമനത്തെ രാഷ്ട്രീയ ചര്‍ച്ചകളില്‍ എത്തിച്ചത് തങ്ങളല്ല. പത്രസമ്മേളനത്തില്‍ ആരോപിച്ചിട്ടുള്ളത് തങ്ങള്‍ക്ക് താല്‍പര്യമുള്ള ഒരു ഉദ്യോഗാര്‍ത്ഥിക്ക് വേണ്ടി നിനിതയോട് പിന്മാറാന്‍ വിഷയ വിദഗ്ധര്‍ ഉപജാപം നടത്തിയെന്നത് തെളിയിക്കാന്‍ സാധിക്കുമോ. ഇന്റര്‍വ്യൂ ബോര്‍ഡില്‍ തങ്ങള്‍ നുഴഞ്ഞുകയറി വന്നവരല്ല. നിനിത പിന്മാറണമെന്ന് പറയാന്‍ ഇടനിലക്കാരനെ നിര്‍ത്തിയിട്ടില്ല. വിസിക്ക് അയച്ച കത്ത് എവിടെ നിന്ന് കിട്ടിയെന്ന് പറയാന്‍ രാജേഷ് തയ്യാറാകണമെന്നും ഉമര്‍ തറമേല്‍ ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K