20 January, 2021 01:18:32 PM


കിഫ്ബി; സിഎജി റിപ്പോർട്ട് ചോർത്തിയത് ധനമന്ത്രിയുടെ കൗശലമെന്ന് വി ഡി സതീശന്‍



തിരുവനന്തപുരം: കിഫ്ബി വഴിയുള്ള കടമെടുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച. കിഫ്ബിയിൽ പ്രതിപക്ഷം പറഞ്ഞ അതേ കാര്യമാണ് സിഎജിയും പറയുന്നതെന്ന് വി ഡി സതീശന്‍. ഓഡിറ്റ് റിപ്പോർട്ടിൽ കിഫ്ബിയെ വിമർശിച്ചിട്ടില്ല. കിഫ്ബി വഴിയുള്ള കടമെടുപ്പിനെയാണ് വിമർശിച്ചത്. ആർട്ടിക്കിൾ 293 കിഫ്ബി ലംഘിച്ചുവെന്നും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. കടമെടുക്കുന്നതിൽ ഭരണഘടനാ ലംഘനമുണ്ടായി. കാര്യങ്ങൾ വിശദീകരിക്കാൻ കിഫ്ബിക്ക് സിഎജി സമയം നൽകിയിരുന്നു. തോമസ് ഐസക് ഗവർണറേയും നിയമസഭയേയും തെറ്റിദ്ധരിപ്പിച്ചെന്നും വി ഡി സതീശന്‍ ചൂണ്ടികാട്ടി.


തെറ്റ് മറച്ച് വെക്കാൻ സിഎജി പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ കുറ്റപ്പെടുത്തുകയാണ്. ആർബിഐയുടെ എൻഒസിയെ മന്ത്രി തെറ്റായി വ്യാഖ്യാനിച്ചു. സിഎജി റിപ്പോർട്ട് ചോർത്തിയത് ധനമന്ത്രിയുടെ കൗശലമാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. അതേസമയം സിഎജിക്കെതിരെ തോമസ് ഐസക് ഇന്നും രൂക്ഷവിമര്‍ശനം നടത്തി. സംസ്ഥാനത്തിന്‍റെ വികസനം തടസ്സപ്പെടുത്താനാണ് നീക്കമെന്ന് മന്ത്രി ആരോപിച്ചു. ഈ സർക്കാരിന്‍റെ കാലത്ത് ആറാമത്തെ അടിയന്തര പ്രമേയമാണ് ചർച്ച ചെയ്യുന്നത്. നിപ, പ്രളയ ദുരിതാശ്വാസം, മസാല ബോണ്ട്, കാർഷിക മേഖലയിലെ പ്രതിസന്ധി, കോവിഡ്, സിഎജി റിപ്പോര്‍ട്ട് എന്നീ വിഷയങ്ങളിലാണ് ഇതിന് മുന്‍പ് അടിയന്തര പ്രമേയം ചര്‍ച്ചക്കെടുത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K