08 January, 2021 05:47:56 PM


നയപ്രഖ്യാപനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ പ്രീണിപ്പിക്കുന്നത് - മുല്ലപ്പള്ളി രാമചന്ദ്രന്‍



തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ഒരു പോലെ പ്രീണിപ്പിക്കുന്ന നയപ്രഖ്യാപനമാണ് ഗവര്‍ണ്ണര്‍ നിയമസഭയില്‍ നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പൊള്ളയായ അവകാശവാദങ്ങളാണ് നയപ്രഖ്യാപനത്തില്‍ ഉടനീളം. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ പൂര്‍ണ്ണമായും വഞ്ചിച്ച സര്‍ക്കാരാണിത്.


പിഎസ്‌സിയെ നോക്കുകുത്തിയാക്കുകയും അതിന്റെ വിശ്വാസ്യത തകര്‍ക്കുകയും ചെയ്തു. പിന്‍വാതില്‍ വഴി സിപിഎമ്മുകാരെ നിയമിക്കുന്ന സര്‍ക്കാരാണ് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞെന്ന കല്ലുവച്ച നുണ നിയമസഭയില്‍ പ്രഖ്യാപിച്ചത്.ഇത് പരിഹാസ്യമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം എത്രയും പെട്ടന്ന് വരുമെന്നിരിക്കെ അനധികൃതമായി താല്‍ക്കാലിക നിയമനം നേടിയ സിപിഎം അനുഭാവികളെ സ്ഥിരപ്പെടുത്തുന്ന തിരക്കിലാണ് സര്‍ക്കാര്‍. ഇത് അധാര്‍മികമായ നപടിയാണ്. റാങ്ക് ലിസ്റ്റില്‍ ഇടം നേടിയിട്ടും നിയമനം ലഭിക്കാത്തിന്റെ പേരില്‍ മനം നൊന്ത്  ഉദ്യോഗാര്‍ത്ഥിക്ക് ആത്മഹത്യ ചെയ്യേണ്ടിവന്ന സംഭവം പോലും ഉണ്ടായിട്ടുണ്ട്. യുവാക്കളോടുള്ള ഈ സര്‍ക്കാരിന്റെ മനോഭാവം ക്രൂരമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.


നാലേമുക്കാല്‍ വര്‍ഷത്തെ ഇവരുടെ ഭരണം സംസ്ഥാനത്തിന്റെ സമസ്തമേഖലകളും തകര്‍ത്ത് തരിപ്പണമാക്കി. അടിസ്ഥാന വികസനം, നാലുവരിപ്പാതകള്‍ ഉള്‍പ്പെടെയുള്ളവയുടെ നിര്‍മ്മാണ പ്രവര്‍ത്തനം സാമ്പത്തിക പ്രതിസന്ധിമൂലം നിലച്ചു. ഇവയെല്ലാം ജനങ്ങളില്‍ നിന്നും മറച്ച് വെച്ചാണ് മുഖ്യമന്ത്രിയും ഭരണകൂടവും മുന്നോട്ട് പോകുന്നത്. സര്‍ക്കാരിന്റെ നിത്യനിദാന ചെലവുകള്‍ക്ക് പോലും പണമില്ല.ആയിരക്കണക്കിന് കോടികളുടെ കടബാധ്യതയാണ് ഇപ്പോള്‍ തന്നെ. തിരിച്ചടവ് എങ്ങനെയാണ് എന്നതിനെ കുറിച്ച് ഒരു ധാരണയും സര്‍ക്കാരിനില്ല.


കുചേലന്‍മാരായ മന്ത്രിമാരും സിപിഎം നേതാക്കളും കുബേരന്‍മാരായി എന്നതൊഴിച്ചാല്‍ കാര്യമായ ഒരു പുരോഗതിയും സംസ്ഥാനത്തിനില്ല. ആഢംബരത്തിനും ഇഷ്ടക്കാരെ പരിപോഷിക്കുന്നതിനും ഒരു മടിയും മന്ത്രിമാര്‍ കാട്ടാറില്ല. എന്തിനാണ് ഇപ്പോള്‍ ഖാദി ബോര്‍ഡ് സെക്രട്ടറിയുടെ ശമ്പളം കുത്തനെ വര്‍ധിപ്പിച്ചതെന്നും മുല്ലപ്പള്ളി ചോദിച്ചു. തെരഞ്ഞെടുപ്പ് പടിവാതില്‍ നില്‍ക്കുമ്പോള്‍ വാഗ്ദാനപ്പെരുമഴയുമായാണ്  ധനമന്ത്രി ബജറ്റ് അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ പോലും വിതരണം ചെയ്യാനുള്ള സാമ്പത്തിക ശേഷി സര്‍ക്കാരിന് കാണില്ല.


പൊതുവിതരണ സംവിധാനം തന്നെ തകര്‍ക്കപ്പെടും. ദീര്‍ഘവീക്ഷണ മില്ലാതെയാണ് കോടികള്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഉയര്‍ന്ന പലിശയ്ക്ക് കടം എടുക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍. ആരോപണ വിധേയനായ സ്പീക്കറെ ഒഴിവാക്കാതെ സഭാസമ്മേളനം  നിയന്ത്രിക്കാന്‍ അനുമതി നല്‍കിയ നടപടി ജനാധിപത്യത്തിന്റെ ശ്രീകോവിലായ സഭയുടെ പവിത്രതയെ കളങ്കപ്പെടുത്തുന്നതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K