24 December, 2020 06:12:48 PM


വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനി ഒരാഴ്ച്ച; നടപടികള്‍ ഇങ്ങനെ



കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും സഹകരണം വേണ്ടതുണ്ടെന്ന് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷക മിനി ആന്‍റണി നിര്‍ദേശിച്ചു. കളക്ടറേറ്റില്‍ ജില്ലയിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.


അര്‍ഹരായ എല്ലാവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും നിലവിലുള്ള വോട്ടര്‍മാര്‍ക്ക് വിവരങ്ങളില്‍ നിയമാനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നതിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിട്ടുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കുകയാണ്.


നിശ്ചിത സമയത്തിനുള്ളില്‍ അര്‍ഹരായ എല്ലാവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് സജീവമായ ഇടപെടല്‍ അനിവാര്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്‍റെ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിരുന്നതുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടര്‍ പട്ടികയില്‍ ഉണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ വോട്ട് ഉറപ്പാക്കുന്നതിന് ഓരോരുത്തരും ജാഗ്രത പുലര്‍ത്തണം. 2021 ജനുവരി ഒന്നിനോ അതിനു മുന്‍പോ പതിനെട്ടു വയസു തികയുന്ന എല്ലാവരെയും ഉള്‍പ്പെടുത്തിയാണ് രാജ്യത്ത് ആകമാനം പുതിയ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത്. 


വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ പുതിയ വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിടുന്നുണ്ട്. ഇത് മറികടക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കണം. ഓണ്‍ലൈന്‍ ക്ലാസുകളുടെ പ്ലാറ്റ്ഫോമുകള്‍ പ്രയോജനപ്പെടുത്തുന്നതിനൊപ്പം എല്ലാ വോട്ടര്‍മാരെയും നേരില്‍ കണ്ട് പട്ടികയില്‍ ചേര്‍ക്കുന്നതിന് ബൂത്ത് തല ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണം. 


ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍ തുടങ്ങിയവര്‍ക്ക് വോട്ടു ചെയ്യുന്നതിന് അവസരം നല്‍കാന്‍ സാമൂഹിക നീതി വകുപ്പിന്‍റെ സഹകരണത്തോടെ നടപടികള്‍ സ്വീകരിക്കണം. പട്ടിക വര്‍ഗ വിഭാഗങ്ങളില്‍പെട്ടവര്‍, ഭിന്നലിംഗക്കാര്‍, പ്രവാസികള്‍, സര്‍വീസ് വോട്ടര്‍മാര്‍ തുടങ്ങിവര്‍ക്കും പരിഗണന നല്‍കണം. 


മരിച്ചു പോയവരെ പട്ടികയില്‍നിന്ന് ഒഴിവാക്കുന്നതിനും പ്രവാസത്തിനു ശേഷം നാട്ടില്‍ മടങ്ങിയെത്തിയവരെ ഉള്‍പ്പെടുത്തുന്നതിനും ശ്രദ്ധിക്കണം. താമസസ്ഥലം മാറിയവര്‍ക്കും ഏതെങ്കിലും ഒരിടത്ത് വോട്ടു ചെയ്യാന്‍ അവസരമുണ്ടെന്ന് ഉറപ്പാക്കണം. നടപടികളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സജീവ പങ്കാളിത്തം വഹിക്കാനാകും-നിരീക്ഷക നിര്‍ദേശിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയപരിധി ജനുവരി 15 വരെ നീട്ടുന്നതിന് ശുപാര്‍ശ ചെയ്യണമെന്ന് യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി പ്രതിനിധികളും ആവശ്യപ്പെട്ടു.


ഇതു സംബന്ധിച്ച യോഗതീരുമാനം രേഖാമൂലം നല്‍കിയാല്‍ ഇക്കാര്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രദ്ധയില്‍ പെടുത്താമെന്ന് മിനി ആന്‍റണി അറിയിച്ചു. ജില്ലാതലത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയും താലൂക്ക് തലത്തിലെ പ്രവര്‍ത്തനങ്ങള്‍ തഹസില്‍ദാര്‍മാരും വിശദീകിച്ചു. തോമസ് ചാഴികാടന്‍ എം.പി, ഡോ. എന്‍. ജയരാജ് എം.എല്‍.എ, ജില്ലാ കളക്ടര്‍ എം. അഞ്ജന, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി. മനോജ്, എ.ഡി.എം അനില്‍ ഉമ്മന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


വോട്ടര്‍ പട്ടിക പരിശോധിക്കുന്നതും പേരു ചേര്‍ക്കുന്നതും ഇങ്ങനെ


വോട്ടര്‍ പട്ടിക പരിശോധിക്കുന്നതിനും പുതിയതായി പേര് ചേര്‍ക്കുന്നതിനുള്ള   രജിസ്ട്രേഷനും അപേക്ഷയില്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ അറിയുന്നതിനും https://www.nvsp.in/എന്ന പോര്‍ട്ടലില്‍ സൗകര്യമുണ്ട്. വോട്ടര്‍ പട്ടികയില്‍ പുതിയതായി പേര് ചേര്‍ക്കേണ്ടവരും ഒരിക്കല്‍ പട്ടികയില്‍ ചേര്‍ത്തതിനുശേഷം പേര് നീക്കം ചെയ്യപ്പെട്ടവരും  നിയോജകമണ്ഡലത്തില്‍നിന്നോ ജില്ലയില്‍നിന്നോ പുറത്തേക്ക് താമസം മാറ്റിയവരും ഫോംസ് എന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് ഫോറം നമ്പര്‍ 6 ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.  പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് ഫോറം നമ്പര്‍ 6 എ ഉപയോഗിക്കാം. 


നിലവിലുള്ള വോട്ടര്‍ പട്ടികയിലെ പേര്, ജനനത്തീയതി, വിലാസം തുടങ്ങി വിവരങ്ങള്‍ തിരുത്തുന്നതിനും ഫോട്ടോ മാറ്റുന്നതിനും  ഫോറം 8 ഉപയോഗിക്കണം.  ഒരു നിയോജക മണ്ഡലത്തിലെ ഒരു ബൂത്തില്‍നിന്നും മറ്റൊന്നിലേക്ക് വോട്ടു മാറ്റുന്നതിന് ഫോറം 8 എ ആണ് ഉയോഗിക്കേണ്ടത്.


മുഖം വ്യക്തമായി കാണുന്ന രീതിയില്‍ കഴിഞ്ഞ ആറു മാസത്തിനകം എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോയാണ് ഉപയോഗിക്കേണ്ടത്. ജനനത്തീയതിയും വയസും തെളിയിക്കുന്നതിന് ജനന സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി ബുക്കിന്‍റെ ആദ്യ പേജ്,  ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലും മതിയാകും.


താമസം തെളിയിക്കുന്നതിന് റേഷന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, അതത് തദ്ദേശസ്ഥാപനത്തില്‍നിന്ന് കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ലഭിച്ച സ്ഥിരതാമസം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡ് ഇവയില്‍ ഒന്നാണ് വേണ്ടത്. 
റിലേഷന്‍ ഐഡിയായി കുടുംബാംഗങ്ങളില്‍ ആരെങ്കിലും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍  അവരുടെയോ അല്ലെങ്കില്‍  പട്ടികയില്‍ പേരുള്ള അയല്‍വാസിയുടെയോ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിക്കാം. 

സ്മാര്‍ട്ട് ഫോണില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്തും രജിസ്ട്രേഷന്‍ നടത്താം. ആപ്ലിക്കേഷന്‍ തുറന്നശേഷം ആദ്യം ഫോംസ് എന്ന മെനുവിലും തുടര്‍ന്ന് ന്യൂ വോട്ടര്‍ രജിസ്ട്രേഷന്‍ എന്ന മെനുവിലും ക്ലിക്ക് ചെയ്യണം. വ്യക്തിഗത വിവരങ്ങള്‍ നല്‍കുന്നതിനൊപ്പം പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും പ്രായവും വിലാസവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അപ് ലോഡ് ചെയ്യണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K