20 December, 2020 07:23:24 AM


കോട്ടയത്തെ നാല് നഗരസഭകളില്‍ അനിശ്ചിതത്വം; സ്വതന്ത്രരുടെ നിലപാട് നിര്‍ണായകം



കോട്ടയം: ജില്ലയിലെ ആറ് നഗരസഭകളിൽ നാലെണ്ണവും ത്രിശങ്കുവിലാണ്. ഇവിടെ സ്വതന്ത്രരെയും കൂട്ടി ഭരണം പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് മുന്നണികൾ. ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ, വൈക്കം നഗരസഭകളിൽ ആരു ഭരിക്കുമെന്ന് വിമതരും സ്വതന്ത്രരും തീരുമാനിക്കും.


കോട്ടയം നഗരസഭയിൽ എൽഡിഎഫ് 22, യുഡിഎഫ് 21, എൻഡിഎ 8 എന്നിങ്ങനെയാണ് കക്ഷിനില. ഇവിടെ സ്വതന്ത്രയായി വിജയിച്ച ബിൻസി സെബാസ്റ്റിൻറെ നിലപാട് നിർണായകമാകും. ചങ്ങനാശ്ശേരിയിൽ കോൺഗ്രസ് റിബൽ ബെന്നി ജോസഫിന്റെയും കേരള കോൺഗ്രസ് ജോസഫ് വിഭാഗം വിമത ബീന ജോബിയുടെയും സ്വതന്ത്ര സന്ധ്യ മനോജിന്റെയും നിലപാടുകൾ നിർണായകമാകും.


ഏറ്റുമാനൂർ നഗരസഭയിൽ 13 യുഡിഎഫ്, 12 എൽഡിഎഫ്, 7 എൻഡിഎ. സ്വതന്ത്രരായി ജയിച്ച മൂന്ന് പേരുടെ പിന്തുണ ഉറപ്പിക്കാൻ മുന്നണികൾ നെട്ടോട്ടം തുടരുകയാണ്. കഴിഞ്ഞ തവണ നാലു സ്വാതന്ത്ര്രുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരിച്ചത്. ഇക്കുറി ജയിച്ച സ്വതന്ത്രരിൽ ഒരാൾ കഴിഞ്ഞ തവണ യു ഡി എഫിന് പിന്തുണ നൽകിയെങ്കിലും അവസാനനാളുകളിൽ നിഷ്പക്ഷനിലപാട് സ്വീകരിക്കുകയായിരുന്നു. ഇപ്പോൾ റിബൽ ആയി ജയിച്ച ഒരാൾ കോൺഗ്രസ്‌ വാർഡ് തല നേതാവുമായിരുന്നു.


കഴിഞ്ഞ തവണ എൽഡിഎഫ് ഭരിച്ച വൈക്കം നഗരസഭയിൽ യുഡിഎഫ് 11, എൽഡിഎഫ് 9 എൻഡിഎ 4 എന്നിങ്ങനെ കക്ഷിനില വന്നപ്പോൾ രണ്ടു സ്വതന്ത്രരുടെ നിലപാടാണ് ഇവിടെ നിർണായകം. പാലായിൽ എൽഡിഎഫും ഈരാറ്റുപേട്ടയിൽ യുഡിഎഫും ആണ് ഭരണം ഉറപ്പിച്ചത്. നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ ഇനിയുള്ള മണിക്കൂറുകൾ മുന്നണികൾക്ക് നിർണായകമാകും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K