15 December, 2020 08:31:34 AM
കോവിഡ് ഭീതിയിൽ പോലീസ്; വൈറസിനെ തുരത്താന്‍ പാടത്തുനിന്ന് മോൻസിയെത്തി

കോട്ടയം: ജില്ലയിലെ പോലീസ് സേന കോവിഡ് ഭീതിയിൽ. കോവിഡ് രോഗികളായി മാറുന്ന പോലീസുകാരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ എല്ലാ സ്റ്റേഷനുകളിലും മുൻകരുതലുകളെടുത്തു തുടങ്ങി. കോവിഡ് വ്യാപനത്തിനിടയിൽ വ്യാജപ്രചാരണം നടത്തി എന്നാരോപിച്ച് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്ത മോൻസി പി തോമസ് എന്ന സാമൂഹികപ്രവർത്തകൻ ഇതേ സ്റ്റേഷനിൽ കൈത്താങ്ങായി എത്തിയതും ഇതിനിടെ ശ്രദ്ധേയമാകുകയാണ്. ചൊവ്വാഴ്ച അതിരാവിലെ സ്റ്റേഷനും പരിസരവും സ്വന്തം ചിലവിൽ അണുനശീകരണം നടത്തി മോൻസി വീണ്ടും ശ്രദ്ധേയനായി മാറുകയായിരുന്നു.
തിരഞ്ഞെടുപ്പിന് മുൻപ് ഏറ്റുമാനൂർ സ്റ്റേഷനിലെ ഒരു വനിതാ സിവിൽ പോലീസ് ഓഫീസർക്കും ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 58 പോലീസുകാരുള്ളതില്‍ രണ്ടു പേര് നിലവിൽ നിരീക്ഷണത്തിലുമാണ്. ഈ സാഹചര്യത്തില്‍ സ്റ്റേഷനില്‍ പ്രതിരോധനടപടികള്‍ കൂടുതല്‍ ശക്തമാക്കുകയാണെന്ന് ഇന്‍സ്പെക്ടര്‍ രാജേഷ്കുമാര്‍ പറഞ്ഞു. പോലീസ് സ്റ്റേഷനിൽ നിന്നും ഫോൺ വിളി എത്തിയപ്പോൾ ആദ്യം ഒന്നമ്പരന്നുവെങ്കിലും അവരുടെ ആവശ്യവും ബുദ്ധിമുട്ടും അറിഞ്ഞപ്പോൾ പിന്തിരിയാനായില്ല മാതൃകാകർഷകനും പരിസ്ഥിതി പ്രവർത്തകനുമായ മോൻസിക്ക്. കൃഷിയിടത്തിൽ മരുന്നടിക്കുന്ന വലിയ പമ്പും ബ്ലീച്ചിങ് പൗഡർ തുടങ്ങിയ അണുനശീകരണ സാമഗ്രികളുമായി രാവിലെ 6 മണിയോടെ തന്നെ സ്റ്റേഷനിൽ എത്തിയ മോൻസി ഒരു മണിക്കൂറോളം സേവനനിരതനായി. പേരൂര്‍ തെള്ളകം പാടത്ത് നെല്‍കൃഷിയ്ക്ക് വിത നടക്കുന്നതിനിടെയാണ് സ്റ്റേഷനില്‍നിന്നും വൈറസിനെ തുരത്താന്‍ മോന്‍സി അതിരാവിലെ ഏറ്റുമാനൂരിലെത്തിയത്.

തന്‍റെ കെട്ടിടത്തിൽ വാടകക്ക് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിൽ പോകാൻ സൗകര്യമൊരുക്കാത്തതിൽ പ്രതിഷേധിച്ചു സംഘം ചേരാനൊരുങ്ങുന്ന വിവരം പോലീസിനെ അറിയിച്ചു എന്ന കാരണമാണ് മോൻസിയുടെ അറസ്റ്റിൽ കലാശിച്ചത്. നിരോധനാജ്ഞ നിലനിന്നിരുന്ന അന്ന് ഏറ്റുമാനൂർ പോലീസ് ഇൻസ്‌പെക്ടർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 'കൈരളി വാർത്ത' സംഭവം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ മോൻസിയെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയ പോലീസ് വ്യാജപ്രചാരണം നടത്തി എന്നാരോപിച്ച് അറസ്റ്റ് രേഖപെടുത്തുകയായിരുന്നു. എന്തടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ഇതുവരെയും മനസിലായിട്ടില്ലെന്നു മോൻസി പറയുന്നു.
തൊഴിലാളികൾക്കിടയിൽ നടന്ന ഗൂഢാലോചന നേരിൽ കേട്ട തന്നെ കൂടാതെയാണ് പോലീസ് പേരൂരിലെ ഇവരുടെ വാസസ്ഥലത്ത് എത്തി തെളിവെടുത്തത്. ഗൂഢാലോചന നടത്തിയത് ആരൊക്കെയെന്നു ചോദിക്കുകയോ അവരെ ചൂണ്ടികാട്ടാൻ തനിക്കവസരം നൽകുകയോ ചെയ്യാതെ മുൻവിധിയോടെന്ന പോലെ തന്നെ സ്റ്റേഷനിൽ പിടിച്ചിരുത്തിയിരിക്കുകയായിരുന്നു. ഒരു വിവരം അറിയിച്ച തന്നെ അറസ്റ്റ് ചെയ്ത് പടം സഹിതം പത്രമാധ്യമങ്ങളിൽ വാർത്ത നൽകിയതിന്റെ പിന്നിലെ ചേതോവികാരം എന്തെന്ന് ഇനിയും മനസിലായില്ലെന്ന് മോൻസി പറയുന്നു. ഇന്ന് രാവിലെ ഏറ്റുമാനൂർ സ്റ്റേഷനിലെ അണുനശീകരണ പ്രവർത്തനത്തിനുശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മോൻസി പെരുമാലിൽ.
 
                                

 
                                        



