02 December, 2020 05:00:00 PM


ബുറെവി വെള്ളിയാഴ്ച രാവിലെ തീരം തൊടും; കേരളത്തിലെ 4 ജില്ലകളെ നേരിട്ട് ബാധിക്കും



തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്‍റെ സഞ്ചാര പാതയിൽ കേരളവും. വെള്ളിയാഴ്ച രാവിലെ കാറ്റ് കേരള തീരത്ത് എത്തും. നാല് ജില്ലകളെ നേരിട്ട് ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട , ആലപ്പുഴ ജില്ലകളിൽ അതിജാഗ്രതാ നിർദേശം നൽകി. മണിക്കൂറിൽ 65 മുതൽ 85 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.


കൊല്ലത്ത് നിന്നു പോയ 25 മത്സ്യബന്ധന ബോട്ടുകൾ തിരിച്ചെത്തിയിട്ടില്ല. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ ശ്രീലങ്കൻ തീരത്തെത്തുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 85 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച പുലർച്ചയോടെ ബുറെവി കന്യാകുമാരി തീരം തൊടും.


തമിഴ്നാട്ടിലും തെക്കൻ കേരളത്തിലും അതിതീവ്ര മഴയുണ്ടാകും. ഇന്ന് തെക്കൻ കേരളത്തിൽ ഓറഞ്ച് അലർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വ്യാഴാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നില്ല. ആറ് എൻഡിആർഎഫ് സംഘത്തെ വിവിധ ഇടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. രണ്ട് ടീമുകൾ കൂടി സംസ്ഥാനത്ത് എത്തും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ക്യാമ്പുകൾ സജ്ജമാക്കി. 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K