01 December, 2020 02:02:23 PM


ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം : കോട്ടയം ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം



കോട്ടയം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന്  കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നൽകിയ മുന്നറിയിപ്പ് പരിഗണിച്ച്  കോട്ടയം ജില്ലയില്‍  അതീവ ജാഗ്രതാ നിര്‍ദേശം.  ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി(ഡി.ഡി.എം.എ)യുടെ അടിയന്തര യോഗം ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.


ഇടുക്കി,പത്തനംതിട്ട ജില്ലകളുടെ മലയോര മേഖലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ഡി.ഡി.എം.എ നിര്‍ദേശിച്ചു. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് കണ്ടെത്തിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് അനൗണ്‍സ്‌മെന്റ് മുഖേന വിവരം നല്‍കി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കണം.


മുന്‍പ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായ മേഖലകളിലുള്ളവര്‍ക്കായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കണം. പുറമ്പോക്കുകള്‍, മലഞ്ചെരിവുകള്‍, ഒറ്റപ്പെട്ട പ്രദേശങ്ങള്‍ എന്നിവിടങ്ങളിലുള്ളവരെയും മുന്‍കൂട്ടി ക്യാമ്പുകളിലേക്ക് മാറ്റണം.


ദുരിതാശ്വാസ ക്യാമ്പുകളാക്കുന്നതിനുള്ള സ്ഥാപനങ്ങള്‍ മുന്‍കൂട്ടി സജ്ജമാക്കണം. മുന്‍പ് ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രങ്ങള്‍ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന്റെ പോളിംഗ് കേന്ദ്രങ്ങളാണെങ്കില്‍ പകരം സ്ഥലം കണ്ടെത്തണം. ക്യാമ്പുകള്‍ സജ്ജീകരിക്കുമ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കണം.


കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കണം. ജില്ലയുടെ വിവിധ മേഖലകളില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങളും മരശിഖരങ്ങളും മുറിച്ചു നീക്കുന്നതിന് അഗ്‌നിസുരക്ഷാ സേനയുടെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തര നടപടി സ്വീകരിക്കണം.  വൈദ്യുതി ലൈനുകള്‍ക്കു മുകളിലേക്ക് വീഴാന്‍ സാധ്യതയുള്ള ശിഖരങ്ങള്‍ വെട്ടി മാറ്റിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി ഉറപ്പാക്കണം. കെ.എസ്.ഇ.ബി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജീകരിക്കണം.


ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ പൊതുവായ ഏകോപനത്തിന്റെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെയും ചുമതല റവന്യു വകുപ്പിനാണ്. ഓറഞ്ച് ബുക്ക് അടിസ്ഥാനമാക്കിയുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചു എന്ന് ഉറപ്പാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.


ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം അനില്‍ ഉമ്മന്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ ഇന്‍സിഡന്റ് റസ്പോണ്‍സ് സംവിധാനത്തിന്റെ അടിയന്തര യോഗവും വിളിച്ച  കളക്ടര്‍ താലൂക്ക് തല ജാഗ്രതാ സംവിധാനം കുറ്റമറ്റതാക്കണമെന്ന് നിര്‍ദേശിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K