30 November, 2020 06:49:08 AM


കെഎസ്എഫ്ഇ റെയ്ഡ്: മുഖ്യമന്ത്രി മൗനത്തില്‍; സിപിഎമ്മില്‍ ആശയക്കുഴപ്പം




തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നതില്‍ സിപിഎമ്മിനുള്ളില്‍ ആശയക്കുഴപ്പം. വിജിലന്‍സ് റെയ്ഡ് സംബന്ധിച്ച് മുഖ്യമന്ത്രി തന്നെ നിലപാട് വ്യക്തമാക്കുമെന്ന് ധനമന്ത്രിയും പാര്‍ട്ടി സംസ്ഥാന നേതാക്കളും വ്യക്തമാക്കിയിട്ടും മൗനം തുടരുന്നതിലാണ് സിപിഎം നേതാക്കള്‍ക്കിടയില്‍ മുറുമുറുപ്പുള്ളത്. വിജിലന്‍സ് റെയ്ഡ് സംബന്ധിച്ച് പാര്‍ട്ടിയുടെ പ്രതികരണം ഇന്നുണ്ടായേക്കും.


കെഎസ്എഫ്ഇ വഴി കള്ളപ്പണം വെളുപ്പിച്ചെന്ന വിജിലന്‍സ് കണ്ടെത്തല്‍ സംസ്ഥാനത്ത് വട്ടമിട്ട് പറക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കുള്ള വാതില്‍ തുറക്കലാണെന്നാണ് സിപിഎം നേതാക്കള്‍ കാണുന്നത്. മുഖ്യമന്ത്രിക്ക് കീഴിലുള്ള വകുപ്പിന്‍റെ വീഴ്ച ആയത് കൊണ്ട് കടുത്ത വിമര്‍ശനങ്ങള്‍ക്ക് നേതാക്കള്‍ തയ്യാറാകുന്നില്ലെങ്കിലും മുഖ്യമന്ത്രി മൗനം തുടരുന്നതിലെ ആശയക്കുഴപ്പം നേതൃത്വത്തിനുണ്ട്. മുഖ്യമന്ത്രി മറുപടി നല്‍കുമെന്ന് ധനമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും വ്യക്തമാക്കിയിട്ടും പിണറായി വിജയന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.


വിജിലന്‍സ് കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ പരാതി ലഭിച്ചാല്‍ കേന്ദ്ര ഏജന്‍സികള്‍ കിഫ്ബിക്ക് പുറമെ കെഎസ്എഫ്ഇയിലേക്കും വരാനുള്ള സാധ്യതയും പാര്‍ട്ടി നേതൃത്വം കാണുന്നുണ്ട്. ഇത്തരത്തില്‍ ഒരു നടപടി മുഖ്യമന്ത്രിക്ക് കീഴിലുള്ള വകുപ്പില്‍ നിന്നുണ്ടായതെങ്ങനെയെന്ന കാര്യം പാര്‍ട്ടി പരിശോധിക്കും. വേഗത്തില്‍ തന്നെ സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യാനാണ് തീരുമാനം.


റെയ്ഡ് അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നുണ്ടെങ്കിലും തന്‍റെ കീഴിലുള്ള വകുപ്പിന്‍റെ കാര്യം അറിഞ്ഞില്ലെന്ന് പിണറായി വിജയന് പറയാന്‍ കഴിയില്ല. താന്‍ അറിഞ്ഞാണ് റെയ്ഡ് നടന്നതെന്ന് പറഞ്ഞാല്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് വഴിമരുന്ന് ഇട്ട് കൊടുക്കുന്ന തരത്തില്‍ ഒരു റിപ്പോര്‍ട്ട് എങ്ങനെയുണ്ടായി എന്നതിനും മുഖ്യമന്ത്രി മറുപടി നല്‍കേണ്ടി വരും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K