29 November, 2020 07:05:41 PM


സ്‌പെഷ്യല്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ ഒന്നിലധികം തവണ ശേഖരിക്കും



കോട്ടയം: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്കും ക്വാറന്റയനിലുള്ളവര്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ അവസരമൊക്കുന്നതിനുള്ള നടപടികള്‍ കോട്ടയം ജില്ലയില്‍ പുരോഗമിക്കുകയാണ്. ഇതിനായി കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ സെല്ലില്‍നിന്നും ആരോഗ്യ വകുപ്പില്‍നിന്നും അതത് വരണാധികാരികളുടെ ഓഫീസുകളില്‍നിന്നും വോട്ടര്‍മാരെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കും. 


ചികിത്സയിലും ക്വാറന്റയനിലുമുള്ളവര്‍ തങ്ങളുടെ തദ്ദേശ സ്ഥാപനത്തിന്റെ പേര്, വാര്‍ഡ്, പോളിംഗ് സ്‌റ്റേഷന്‍, ക്രമനമ്പര്‍, തിരിച്ചറില്‍ കാര്‍ഡ് നമ്പര്‍ എന്നീ വിവരങ്ങളാണ് നല്‍കേണ്ടത്. ഒരാള്‍ക്കു പോലും വോട്ടു ചെയ്യുന്നതിനുള്ള അവസരം നഷ്ടമാകാതിരിക്കുന്നതിനായാണ് ഈ വിഭാഗത്തിലുള്ളവരെ കണ്ടെത്തുന്നതിനും വിവര ശേഖരണത്തിനും വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു.


ഈ വിവരങ്ങള്‍ ഒരു പേപ്പറില്‍ എഴുതി കൈവശം സൂക്ഷിച്ചാല്‍ ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുമ്പോള്‍ തന്നെ ഇവ നല്‍കാനാകും. ആവര്‍ത്തിച്ച് വിവരങ്ങള്‍ നല്‍കേണ്ടിവരുന്നത് അസൗകര്യമായി കണക്കാക്കാതെ ജനാധിപത്യ പ്രകിയയില്‍ പങ്കാളികളാകുന്നതിനുള്ള അവസരം വിനിയോഗിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.


സ്പെഷ്യല്‍ വോട്ടര്‍മാരുടെ സഹായത്തിന് വീഡിയോയും


കോവിഡ് ചികിത്സയിലും ക്വാറന്‍റയിനിലും കഴിയുന്നവര്‍ക്ക് സ്പെഷ്യല്‍ തപാല്‍ വോട്ട് ചെയ്യുന്നത് എങ്ങനെയെന്ന് കൃത്യമായി മനസിലാക്കുന്നതിനായി കോട്ടയം ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം വീഡിയോ പുറത്തിറക്കി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ ഫേസ്ബുക്ക് പേജില്‍ (www.facebook.com/collectorkottayam) പോസ്റ്റു ചെയ്തിരിക്കുന്ന വീഡിയോയില്‍ വോട്ടിംഗ് പ്രക്രിയ ഘട്ടം ഘട്ടമായി വിശദീകരിച്ചിട്ടുണ്ട്.


കളക്ടര്‍തന്നെയാണ് ആമുഖമായി സംസാരിക്കുന്നത്. തുടര്‍ന്ന് മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും സ്പെഷ്യല്‍ തപാല്‍ വോട്ടു ചെയ്യുമ്പോഴുള്ള വ്യത്യാസങ്ങള്‍, വോട്ടു ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകള്‍, ബാലറ്റുകളും ഫോറങ്ങളും കവറുകളും, വോട്ട് രേഖപ്പെടുത്തുമ്പോഴും തപാലില്‍ അയയ്ക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവ ആനിമേഷനുകളും ചിത്രങ്ങളും ദൃശ്യങ്ങളും അവതരിപ്പിച്ച് വിശദീകരിക്കുന്നു.


കോവിഡ് ചികിത്സയിലും ക്വാറന്‍റയിനിലും കഴിയുന്ന അര്‍ഹരായ എല്ലാവര്‍ക്കും വോട്ട് ചെയ്യുന്നതിന് അവസമൊരുക്കുന്നതിനും അവര്‍ക്ക് സ്വാഭാവികമായി ഉണ്ടാകാവുന്ന സംശയങ്ങള്‍ ദൂരികരിക്കുന്നതിനും ലക്ഷ്യമിട്ടാണ് വീഡിയോ തയ്യാറാക്കിയതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍ ആണ് സ്ക്രിപ്റ്റ് ഒരുക്കിയത്. ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് വീഡിയോ തയ്യാറാക്കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K